photo
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: വിദ്യാഭ്യാസത്തെ കുറിച്ചുള്ള ശ്രീനാരായണ ഗുരുദേവന്റെ സങ്കല്പം യാഥാർത്ഥ്യമാക്കിയ സമുദായ നേതാവും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്നു ആർ.ശങ്കർ എന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ആർ.ശങ്കറിന്റെ 47ാമതു ചരമ വാർഷിക ദിനാചരണ സമ്മേളനവും സാമൂഹ്യ ക്ഷേമ പദ്ധതികളുടെ വിതരണോദ്ഘാടനവും എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ആഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി.

വിദ്യാഭ്യാസത്തിലൂടെ മാത്രമേ പിന്നാക്ക വിഭാഗങ്ങൾക്ക് സാമൂഹ്യ നീതി കൈവരിക്കാൻ കഴിയൂ എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യനീതി വേണമെന്ന് ആഗ്രഹിച്ച നേതാവാണ് അദ്ദേഹം. കേരളത്തിലെ സംഘടിത ന്യൂനപക്ഷ സമുദായങ്ങൾ സർക്കാരിന്റെ എല്ലാ സഹായങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റുകയാണ്. അധികാര കേന്ദ്രങ്ങളിലും ഇവർ ആധിപത്യം സ്ഥാപിച്ച് കഴിഞ്ഞു. ഈഴവ സമുദായം സംഘടിത ശക്തയായി മാറി യോഗത്തിന്റെ പിന്നിൽ അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിദ്യാഭ്യാസ മേഖലകളിൽ മികവ് തെളിയിച്ച് വിവിധ ശാഖകളിൽ നിന്നെത്തിയ വിദ്യാർത്ഥികളെ തുഷാർ വെള്ളാപ്പള്ളി പൊന്നാട അണിയിച്ചും നിലവിളക്ക് നൽകിയും ആദരിച്ചു.

യൂണിയന്റെ പരിധിയിൽ വരുന്ന 400 ഓളം നിർദ്ധന രോഗികൾക്കുള്ള ചികിത്സാ ധനസഹായവും, കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച 300 ഓളം വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു. എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിച്ചതോടെ പരിപാടികൾക്ക് തുടക്കമായി. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ കെ.ജെ.പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ കള്ളത്ത് ഗോപി, എല്ലയ്യത്ത് ചന്ദ്രൻ, സലിംകുമാർ, ക്ലാപ്പന ഷിബു, കുന്നേൽ രാജേന്ദ്രൻ, എം.ചന്ദ്രൻ, ബി.കമലൻ, വനിതാ സംഘം നേതാക്കളായ മണിയമ്മ, മധുകുമാരി, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ നീലികുളം സിബു, ടി.ഡി.ശരത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.