കൗൺസിൽ തീരുമാനം ഏകകണ്ഠമായി
പുനർജ്ജനി പാർക്ക് ഇനി മഹാകവി കുമാരനാശാൻ പാർക്ക്
ആശാൻ പ്രതിമയുടെ രൂപകൽപന ശിൽപ്പി കാനായി കുഞ്ഞിരാമനെ ഏൽപ്പിക്കും
കൊല്ലം: മഹാകവി കുമാരനാശാന് കൊല്ലം കോർപ്പറേഷന്റെ ചുമതലയിൽ സ്മാരകം നിർമ്മിക്കാൻ ഇന്നലെ നടന്ന കൗൺസിൽ യോഗം ഏകകണ്ഠമായി തീരുമാനിച്ചു. ഇതിന് മുന്നോടിയായി ആശ്രാമം ലിങ്ക് റോഡിന് സമീപത്തെ പുനർജ്ജനി പാർക്കിന് മഹാകവി കുമാരനാശാൻ പാർക്കെന്ന് നാമകരണം ചെയ്യാനുള്ള തീരുമാനവും കൗൺസിൽ യോഗം അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് മേയർ വി. രാജേന്ദ്രബാബു അവതരിപ്പിച്ച പ്രമേയം കൗൺസിലംഗങ്ങൾ ഒന്നടങ്കം അംഗീകരിച്ചു. 1924 ജനുവരി 16ന് രാത്രി കൊല്ലം ബോട്ട് ജെട്ടിയിൽ നിന്നാണ് ആശാൻ ആലപ്പുഴയിലേക്ക് യാത്ര തിരിച്ചത്. ആ യാത്രയിൽ പല്ലനയിൽ വച്ച് ബോട്ട് മുങ്ങിയാണ് ആശാൻ ഈ ലോകത്തോട് വിട പറഞ്ഞത്. മഹാകവി അവസാനമായി യാത്ര തിരിച്ച കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം സ്മാരകം നിർമ്മിക്കണമെന്ന പൊതു സമൂഹത്തിന്റെ നിരന്തര ആവശ്യമാണ് കോർപ്പറേഷൻ നടപ്പാക്കുന്നതെന്ന് മേയർ പറഞ്ഞു.
കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം പോലെ അഷ്ടമുടിക്കായലിന് നടുവിൽ പ്രതിമ സ്ഥാപിക്കണമെന്ന് പ്രശസ്ത കഥകളി ആചാര്യൻ തോന്നയ്ക്കൽ പീതാംബരൻ തന്നോടാവശ്യപ്പെട്ട കാര്യവും മേയർ കൗൺസിലിനെ അറിയിച്ചു. ഒരു സ്വകാര്യ സംഘടനയ്‌ക്ക് ആശാൻ സ്മാരക നിർമ്മാണത്തിനെന്ന പേരിൽ സർക്കാർ പട്ടയം അനുവദിച്ച വിഷയത്തിൽ കോർപ്പറേഷൻ ഇടപെട്ട് തീരുമാനം മരവിപ്പിക്കാൻ നടപടി സ്വീകരിക്കും. പട്ടയം അനുവദിച്ചത് കോർപ്പറേഷൻ അറിയാതെയാണ്. കോർപ്പറേഷന്റെ ഉത്തരവാദിത്വത്തിൽ തന്നെ കൊല്ലത്ത് ആശാൻ സ്മാരകം സ്ഥാപിക്കുമെന്നും മേയർ വ്യക്തമാക്കി.
ഉടനെ കാനായിയെ സന്ദർശിക്കും
ലിങ്ക് റോഡിന് സമീപം രണ്ടേക്കറോളം സ്ഥലത്താണ് സ്മാരകം ഉയരുന്നത്. ഇവിടെ സ്ഥാപിക്കുന്ന മഹാകവി കുമാരനാശന്റെ പ്രതിമയുടെ രൂപകല്പന പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമനെ ഏൽപ്പിക്കാനും കൗൺസിൽ തീരുമാനിച്ചു. പ്രതിമ നിർമ്മാണവുമായി ബന്ധപ്പെട്ട് കൗൺസിലർമാരുടെ സംഘം ഉടനെ കാനായിയെ സന്ദർശിക്കും. കാനായി തന്നെ പ്രതിമയുടെ നിർമ്മാണം നിർവഹിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും മേയർ കൗൺസിലിനെ അറിയിച്ചു.
7 ലക്ഷം
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് എതിർവശത്തുള്ള ബോട്ട് ജെട്ടിക്ക് സമീപം കുമാരനാശാന്റെ പ്രതിമ സ്ഥാപിക്കാൻ കോർപ്പറേഷൻ ബഡ്ജറ്റിൽ ഏഴു ലക്ഷം രൂപ നേരത്തേ വകയിരുത്തിയിട്ടുണ്ട്.