കൊല്ലം: കൊട്ടിയം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിനും കാൽനടയാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണാൻ പാർക്കിംഗ് കേന്ദ്രം ആരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. റോഡുവക്കും നടപ്പാതകളും കൈയേറി സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം കാൽനടയാത്രക്കാർക്ക് നടക്കാൻ ഒരിഞ്ച് സ്ഥലം പോലും ഇല്ലാത്ത അവസ്ഥയാണ്. കൊട്ടിയം ജംഗ്ഷനിൽ സ്ഥലപരിമിതി ഉള്ളതിനാൽ കച്ചവടസ്ഥാപനങ്ങൾ സ്വന്തമായി പാർക്കിംഗ് സൗകര്യം ഒരുക്കുന്നത് അപ്രായോഗികമാണ്. കൊട്ടിയത്ത് പാർക്കിംഗ് സൗകര്യം വേണമെന്ന ആവശ്യം ദീർഘകാലമായി ഉയരുന്നുണ്ടെങ്കിലും അധികൃതർ കേട്ട ലക്ഷണം പോലും കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ജനപ്രതിനിധികൾ കൊട്ടിയത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് പരാതിയുണ്ട്. തദ്ദേശ സ്ഥാപനങ്ങളും എം.എൽ.എയും എം.പിയും കൂട്ടായി ഇടപെട്ട് കൊട്ടിയത്ത് എത്രയും വേഗം പാർക്കിംഗ് കേന്ദ്രം സജ്ജമാക്കണം"
പ്രകാശ് നടേശൻ (എസ്.എൻ.ഡി.പി യോഗം 903-ാം നമ്പർ കൊട്ടിയം ശാഖാ പ്രസിഡന്റ്)
കൊട്ടിയത്ത് പൊതുവായ പാർക്കിംഗ് കേന്ദ്രം അനിവാര്യമാണ്. അധികൃതർ ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണം. കൊല്ലത്ത് സുഗമമായി എല്ലാവർക്കും സഞ്ചരിക്കാം. എന്നാൽ കൊട്ടിയത്ത് ഗതാഗതക്കുരുക്ക് മൂലം കാലുകുത്താൻ പോലും പറ്റാത്ത അവസ്ഥയാണ്.
എസ്. പളനി (ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി)
ഗതാഗത സ്തംഭനം പതിവ്
വാഹനങ്ങൾ കൂട്ടത്തോടെ കൊട്ടിയം ജംഗ്ഷനിൽ നിറയുമ്പോൾ ദേശീയപാതയിലൂടെ വാഹനങ്ങൾ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. മയ്യനാട്, കണ്ണനല്ലൂർ റോഡുകളിലെ സ്ഥിതിയും ഇതിന് സമാനമാണ്. ഉത്സവ സമയത്ത് അഞ്ച് മണി കഴിയുന്നതോടെ ജംഗ്ഷനിൽ ഗതാഗതസ്തംഭനം പതിവാണ്. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് പൊതുസ്ഥലമോ സ്വകാര്യ ഭൂമിയോ കണ്ടെത്തി പാർക്കിംഗ് കേന്ദ്രം സജ്ജമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.