വിതരണത്തിന് അനുമതി നൽകുന്നില്ല
ചിലകടകളിൽ പച്ചരി കിട്ടാനില്ല
കൊല്ലം: ജില്ലയിലെ ചില റേഷൻകടകളിൽ ക്വിന്റൽ കണക്കിന് പച്ചരി കെട്ടിക്കിടന്ന് നശിക്കുന്നു. പൊതുവിതരണ വകുപ്പ് പച്ചരി വിതരണം ചെയ്യാനുള്ള അനുമതി നൽകാത്തതാണ് പ്രശ്നം.
എ.എ.വൈ കാർഡുടമകൾക്ക് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യവും മുൻഗണനാ വിഭാഗങ്ങൾക്ക് കാർഡിലെ ഒരംഗത്തിന് നാല് കിലോ ഭക്ഷ്യധാന്യവുമാണ് റേഷൻ വിഹിതം. ഇതിൽ റേഷൻ വിഹിതമായി ഏതൊക്കെ ഇനങ്ങൾ നൽകണമെന്ന് ഓരോ മാസവും പ്രത്യേകമാണ് നിശ്ചയിക്കുന്നത്. രണ്ട് മാസം മുൻപ് വരെ അരിക്കും ഗോതമ്പിനുമൊപ്പം പച്ചരിയും വിതരണം ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി പച്ചരി വിതരണത്തിനുള്ള അനുമതി നൽകുന്നില്ല. ഇതുകാരണം നേരത്തെയെത്തിയ പച്ചരി റേഷൻകടകളിൽ കെട്ടിക്കിടന്ന് പുഴുവരിക്കുകയാണ്. ഓരോ കടകളിലെയും സ്റ്റോക്ക് കൃത്യമായി കണക്കാക്കാതെ വീണ്ടും പച്ചരി അനുവദിച്ചതാണ് ചില കടകളിൽ മാത്രം കുന്നുകൂടാൻ കാരണം.
ഓരോ ദിവസം പിന്നിടുന്തോറും വിതരണം ചെയ്യാനാകാത്ത വിധം പച്ചരിയിൽ പൂപ്പലും കീടങ്ങളും കയറുന്നതിനൊപ്പം തൂക്കത്തിലും കുറവുണ്ടാകും. വിതരണത്തിന് അനുമതി നൽകാത്ത സാഹചര്യത്തിൽ സ്റ്റോക്കുള്ള പച്ചരി തിരിച്ചെടുക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ അതിനും തയ്യാറാകുന്നില്ല. ചിലയിടങ്ങളിൽ പച്ചരി കെട്ടിക്കിടന്ന് നശിക്കുമ്പോൾ മറ്റിടങ്ങളിൽ പച്ചരി കിട്ടാനില്ല. കഴിഞ്ഞ രണ്ട് മാസമായി പൊതുവിതരണ വകുപ്പ് പച്ചരി പുതുതായി അനുവദിക്കുന്നില്ല.