കൊല്ലം: പാരിപ്പള്ളി സംസ്‌ക്കാരയുടെ 13-ാം സംസ്ഥാന പ്രൊഫഷണൽ നാടകമത്സരം 10 മുതൽ 17 വരെ പാരിപ്പള്ളിയിൽ നടക്കും. പത്മഭൂഷൻ ഗിരീഷ് കർണാടിന്റെ സ്മരണയ്ക്കായാണ് നാടക മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാടകവേദികളിൽ 4 പതിറ്റാണ്ട് നിറഞ്ഞു നിന്ന പാലാ തങ്കം, അഹമ്മദ് മുസ്ലിം, കാഞ്ഞിപ്പുഴ ശശി, വക്കം മാധവൻ എന്നിവരെ ഗുരുദക്ഷിണ നൽകി ആദരിക്കും. 10ന് വൈകിട്ട് 5ന് ഗിരീഷ് കർണാട് നഗറിൽ (പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളിൽ) നാടകകൃത്തും സംവിധായകനുമായ ശ്രീമൂലനഗരം മോഹൻ നാടകമത്സരം ഉദ്ഘാടനം ചെയ്യും. നടനും സംവിധായകനുമായ വക്കം ഷക്കീർ നാടക കലാകാരന്മാരെ ആദരിക്കും. തുടർന്ന് കണ്ണൂർ നാടകസംഘത്തിന്റെ 'കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും' എന്ന നാടകം അവതരിപ്പിക്കും. 11ന് കോഴിക്കോട് സങ്കീർത്തനയുടെ 'വേനലവധി', 12ന് തിരുവനന്തപുരം സൗപർണികയുടെ 'ഇതിഹാസം', 13ന് ചങ്ങനാശ്ശേരി അണിയറയുടെ 'നേരറിവ്', 14ന് വള്ളുവനാട് നാദത്തിന്റെ 'കാരി', 15 ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ 'നമ്മളിൽ ഒരാൾ', 16ന് ഓച്ചിറ സരിഗയുടെ 'നളിനാക്ഷന്റെ വിശേഷങ്ങൾ', 17ന് തിരുവനന്തപുരം ആരാധനയുടെ 'ആ രാത്രി' എന്നീ നാടകങ്ങൾ അവതരിപ്പിക്കും.
പ്രേക്ഷകരാണ് ഗ്യാലപ് പോളിലൂടെ വിധിനിർണയം നടത്തുന്നത്. 18ന് വൈകിട്ട് 4ന് സംസ്‌കാര ഭവനിൽ ജനപ്രതിനിധികളുടെയും നാടകാസ്വാദകരുടെയും സാന്നിദ്ധ്യത്തിലാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. മികച്ച നാടകത്തിന് എവർ റോളിംഗ് ട്രോഫിയും 15,001 രൂപയും രണ്ടാമത്തെ നാടകത്തിന് എവർറോളിംഗ് ട്രോഫിയും 7,501 രൂപയും മൂന്നാമത്തെ നാടകത്തിന് എവർറോളിംഗ് ട്രോഫിയും 5,001 രൂപയും ലഭിക്കും. മികച്ച സംവിധായകന് 5,001 രൂപയും മികച്ച രചയിതാവിന് 2,501 രൂപയും ലഭിക്കും. മികച്ച നടൻ, നടി, ഹാസ്യനടൻ എന്നിവർക്ക് 2,001 രൂപ വീതം ലഭിക്കും. ഡിസംബർ 15ന് വൈകിട്ട് 6ന് ശില്പി കാനായി കുഞ്ഞിരാമൻ അവാർഡുകളും ട്രോഫികളും വിതരണം ചെയ്യും. നാടകമത്സരത്തോടനുബന്ധിച്ച് നിർദ്ധന രോഗികൾക്ക് ചികിത്സാധനസഹായവും 7 പൊതുവിദ്യാലയങ്ങളിലെ 7 വിദ്യാർത്ഥികൾക്ക് 1,000 രൂപ വീതം പഠനസഹായവും നൽകും.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വി. ജയപ്രകാശ്, വൈസ് ചെയർമാൻ കെ. രാധാകൃഷ്ണപിള്ള, ജനറൽ കൺവീനർ കെ. പ്രവീൺകുമാർ, ട്രഷറർ എസ്. ശ്രീലാൽ, സംസ്‌ക്കാര മുൻ സെക്രട്ടറിമാരായ ആർ. രാധാകൃഷ്ണൻ, എസ്. പ്രസേനൻ എന്നിവർ പങ്കെടുത്തു.