c
ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ ഹർഡിൽസിൽ കൊല്ലം സായിയുടെ നയനജോസ് ഒന്നാംസ്ഥാനം നേടുന്നു

കൊല്ലം : റവന്യു ജില്ലാ സ്കുൾകായിക മേളയ്ക്ക് ആവേശകരമായ തുടക്കം. പൊരിവെയിലിലും വിദ്യാർത്ഥികൾ മികവ് പുലർത്തിയ ദിനത്തിൽ ദീർഘദൂര ഇനമായ മൂവായിരം മീറ്റർ ഓട്ടമാണ് ആദ്യം ആരംഭിച്ചത്. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ പത്തനാപുരം മൗണ്ട് താബോർ എച്ച്.എസ്.എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ബി. അഭിനയ ഒന്നാം സ്ഥാനം നേടി. ജൂനിയർ ആൺകുട്ടികളുടെ വാശിയേറിയ മത്സരത്തിൽ ചാത്തന്നൂർ എൻ.എസ്.എസ്. എച്ച്.എസ്.എസിലെ എൽ. റിച്ചു ഒന്നാമതായി.
സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസിലെ കാതറിൻ യോഹന്നാനും ആൺ കുട്ടികളുടെ മത്സരത്തിൽ അതേ സ്കൂളിലെ മുഹമ്മദ് അൻസിലും ഒന്നാം സ്ഥാനം പങ്കിട്ടു.

ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ വൃന്ദ എസ് വിജയൻ ഒന്നാം സ്ഥാനം നേടി. ചവറ ശങ്കരമംഗലം ജി.ബി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ വൃന്ദ 9.35 മീറ്റർ എറിഞ്ഞാണ് വിജയിയായത്. എട്ട് മുതൽ പത്താം ക്ലാസ് വരെയും ഒന്നാം സ്ഥാനം നേടിയ വൃന്ദയ്‌ക്ക് കഴിഞ്ഞ വർഷത്തെ മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്നുപോലും നേടാനായിരുന്നില്ല. ഇത്തവണത്തെ വാശിയേറിയ മത്സരത്തിൽ ചെറിയ പോയിന്റുകളുടെ വ്യത്യാസത്തിലാണ് ഫലങ്ങൾ മാറിമറിഞ്ഞത്. ചാത്തന്നൂർ ഉപജില്ലയെ പ്രതിനിധീകരിച്ച് പി.അശ്വതി 9.27 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനത്തും കുണ്ടറ ഉപജില്ലയിൽ നിന്നുള്ള നന്ദന 9.16 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്തുമെത്തി. ആൺകുട്ടികളുടെ വാശിയേറിയ ലോംഗ് ജമ്പിൽ കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിലെ പ്ലസ്‌ വൺ വിദ്യാർത്ഥി സ്റ്റാലിൻ ജോഷ്വ ഒന്നാമതെത്തി. പള്ളിത്തോട്ടം സെഞ്ച്വറി നഗറിൽ സിൽവസ്റ്ററിന്റെയും മോളിയുടെയും മകനായ സ്റ്റാലിൻ മൂന്നാംതവണയാണ് മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുന്നത്.