x
ഹാൽവി

കൊല്ലം: സ്പൈക്ക് തറച്ച് ആഴത്തിൽ മുറിവേറ്റിട്ടും വീറോടെ മത്സരിച്ച് രണ്ടാം സ്ഥാനം നേടി ഹാൽവി എസ്.വിജ്. ജൂനിയർ ആൺകുട്ടികളുടെ ലോംഗ് ജമ്പ് മത്സരത്തിൽ ആദ്യഘട്ടം 5.99 മീറ്റർ ചാടി ഹാൽവി പ്രതീക്ഷ ഉയർത്തിയിരുന്നു. ഇടതുകാലിലെ സ്പൈക്കിനടിയിലെ കൂർത്തഭാഗം വലതുകാലിലേക്കു കുത്തിക്കയറിയാണ് ഹാൽവിക്ക് മത്സരത്തിനിടെ പരിക്കേറ്റത്. പിന്നീട് ലഭിച്ച അവസരം പിഴയ്ക്കുകയും ചെയ്‌തു. കഠിനമായ വേദനയിലും അടുത്ത മത്സരങ്ങളെക്കുറിച്ച് മാത്രമാണ് ഹാൽവിയുടെ ചിന്ത. നൂറു മീറ്റർ, ട്രിപ്പിൾ ജമ്പ് എന്നിവയിൽ ആദ്യ സ്ഥാനത്തെത്തുമെന്ന ആത്മവിശ്വാസത്തിലാണ് താരം. കുലശേഖരപുരം ഗവ. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഹാൽവി ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഉപജില്ലയിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു. ഉപജില്ലാ മത്സരത്തിനിടെയും സ്പൈക്ക് കൊണ്ട് വലതു കാലിന് പരിക്കേറ്റിരുന്നു. അതേയിടത്താണ് വീണ്ടും മുറിവേറ്റത്. വവ്വാക്കാവ് ചെറുശേരിയിൽ സുരേന്ദ്രൻ പിള്ളയുടെയും ജയലക്ഷ്മിയുടെയും മകനാണ്. കായിക ഇനത്തിനൊപ്പം സംസ്ഥാന ശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭയാണ് ഹാൽവി.