23
എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ആർ.ശങ്കർ അനുസ്മരണ സമ്മേളനം കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി ജി.വിശ്വംഭരൻ,യോഗം ബോർഡ് മെമ്പർമാരായ അഡ്വ.പി.സജീവ് ബാബു, അഡ്വ.എൻ.രവീന്ദ്രൻ, അഡ്വ.പി.അരുൾ, യൂണിയൻ വൈസ് പ്രസിഡൻറ് ജി.മധുസൂദനൻ എന്നിവർ സമീപം

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിൽ ആർ. ശങ്കർ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവും ദീപശിഖാ റിലേയും നടന്നു. പാങ്ങോട് ആർ. ശങ്കർ ആശുപത്രി ഗ്രൗണ്ടിൽ യൂത്തുമൂവ്മെന്റ് താലൂക്ക് കൺവീനർ വി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ അ‌ഡ്വ. പി. അരുൾ വോളണ്ടിയർമാർക്ക് ദീപശിഖ തെളിച്ച് കൈമാറി റിലേ ഉദ്ഘാടനം ചെയ്തു. തുടർന്ന് കാരിക്കൽ, പുത്തൂർ, ചുങ്കത്തറ, വെണ്ടാർ, മൂഴിക്കോട്, കോട്ടാത്തല പണയിൽ, അവണൂർ, പുലമൺ, യൂണിയൻ ഓഫീസ്, നെടുവത്തൂർ, അമ്പലത്തുംകാല, എഴുകോൺ, നെടുമ്പായിക്കുളം വഴി യൂണിയൻ അതിർത്തിയായ ആറുമുറിക്കടയിലെത്തി.

ഇവിടെ നിന്ന് കുണ്ടറ യൂണിയൻ ഭാരവാഹികൾ ദീപശിഖാ റിലേയെ ഏറ്റുവാങ്ങി. 11ന് യൂണിയൻ മന്ദിരാങ്കണത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ ആമുഖ പ്രഭാഷണം നടത്തി. യോഗം ബോർഡ് മെമ്പർമാരായ അഡ്വ. പി. സജീവ് ബാബു, അഡ്വ. എൻ. രവീന്ദ്രൻ, അഡ്വ. പി. അരുൾ, യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ വി. അനിൽകുമാർ, വനിതാ സംഘം യൂണിയൻ കൺവീനർ ഡോ. സബീന വാസുദേവ് എന്നിവർ സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ജി. മധുസൂദനൻ നന്ദി പറഞ്ഞു.