കൊല്ലം: സംവരണം അട്ടിമറിക്കാൻ ഹീനമായ ശ്രമം നടക്കുന്നുവെന്നും ഇതിനെതിരെ അവസരസമത്വത്തിന് വേണ്ടിയുള്ള മുറവിളി ശക്തമാക്കേണ്ട സാഹചര്യമാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശങ്കേഴ്സ് ആശുപത്രി അങ്കണത്തിൽ എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷന്റെ നേതൃത്വത്തിൽ നടന്ന ആർ. ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സമുദായ നേതാവ് സംവരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഈഴവ സമുദായക്കാർ നേരത്തെ കൂലിപ്പണിക്കാരും കുടികിടപ്പുകാരുമായിരുന്നുവെന്നും ഭൂപരിഷ്കരണം നടപ്പാക്കിയതോടെ തങ്ങൾക്കുണ്ടായിരുന്ന ഭൂസ്വത്തുക്കളെല്ലാം ഈഴവ സമുദായം തട്ടിയെടുത്തെന്നുമാണ് അദ്ദേഹം കോടതിയിൽ പറഞ്ഞിരിക്കുന്നത്. അവർ അവരുടെ ആവശ്യങ്ങൾ വാങ്ങിയെടുത്തോട്ടെ. ഈഴവർക്ക് ഒന്നും കൊടുക്കാൻ പാടില്ലെന്ന് പറയുന്നത് എന്തിനാണ് ? സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൊടുക്കുന്ന പൊതുമേഖല, എയ്ഡഡ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ കണക്കെടുത്താൽ ഇവിടെ നിലനിൽക്കുന്ന സാമൂഹ്യനീതി എന്താണെന്ന് മനസിലാകും. സംവരണം ഇല്ലായിരുന്നെങ്കിൽ സർക്കാർ സർവീസിൽ ഈഴവരുടെ പ്രാതിനിധ്യം കേവലം മൂന്ന് ശതമാനമായി പരിമിതപ്പെട്ടേനെയെന്ന് നരേന്ദ്രൻ കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. ഇത് മറച്ചുവച്ചാണ് എൻ.എസ്.എസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഗുരുദേവനാണ് കേരളത്തിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ നവോത്ഥാന മുന്നേറ്റത്തിന് സർക്കാർ യോഗത്തെ വിളിക്കുമ്പോൾ മാറി നിന്നാൽ മറ്റുള്ളവർ നമ്മെ നോക്കി പല്ലിളിക്കും.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ആർ. ശങ്കർ അനുസ്മരണ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ആശംസ നേർന്നു. എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ.ജി. ജയദേവൻ സ്വാഗതവും അസി. സെക്രട്ടറി എൻ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
ആർ. ശങ്കറിനെ പോലെ തലയെടുപ്പുള്ള നേതാവ്
കേരള രാഷ്ട്രീയത്തിലില്ല: കടകംപള്ളി സുരേന്ദ്രൻ
ആർ. ശങ്കറിനെ പോലെ തലയെടുപ്പുള്ള നേതാവ് കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജീവിച്ചിരുന്ന കാലത്ത് താനും തന്റെ കുടുംബവും എന്ന പരിമിതമായ വൃത്തത്തിൽ ഒതുങ്ങാഞ്ഞതു കൊണ്ടാണ് ശങ്കർ ഇപ്പോഴും ഓർമ്മിക്കപ്പെടുന്നത്. തെറ്റ് പറ്റിയാൽ തിരുത്താൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല.
ക്ഷേത്രപ്രവേശന വിളംബരം നടന്നിട്ട് കാലങ്ങളായെങ്കിലും ക്ഷേത്ര ശ്രീകോവിലുകൾക്കുള്ളിൽ അടുത്തകാലംവരെ അയിത്തം നിലനിൽക്കുകയായിരുന്നു. ഇതിന് മാറ്റം വരുത്തിയത് ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാരാണ്. ദേവസ്വം ബോർഡിന്റെ ക്ഷേത്രത്തിൽ അബ്രാഹ്മണരെ ശാന്തിമാരായി നിയമിച്ചത് എൽ.ഡി.എഫ് സർക്കാരിന്റെ ചരിത്രപരമായ തീരുമാനമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.