പാരിപ്പള്ളി: മണ്ണയം നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് അറുതിയായി. കല്ലുവാതുക്കൽ പഞ്ചായത്തിലെ വിലവൂർക്കോണം വാർഡിലെ നടയ്ക്കൽ ആറയിൽ പാതയിലെ അപകടാവസ്ഥയിലായ മണ്ണയം പാലം പുനർനിർമ്മാണത്തിന് അനുമതിയായി.
അഞ്ചര മീറ്റർ വീതിയും പന്ത്റണ്ടര മീറ്റർ നീളവും മാത്രമുള്ള ഇടുങ്ങിയ പാലം കൈവരികൾ തകർന്ന് അപകടാവസ്ഥയിലായ വിവരം നിരവധി തവണ കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ഇക്കാര്യമുന്നയിച്ച് എൽ.ജെ.ഡി ചാത്തന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് മണ്ണയം നൗഷാദിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്റിക്ക് ഉൾപ്പെടെ നിവേദനവും നല്കിയിരുന്നു.
നാല്പത് വർഷം പഴക്കമുള്ള പാലം പി. രവീന്ദ്രൻ എം.എൽ.എയുടെ കാലത്താണ് നിർമ്മിച്ചത്. കല്ലുവാതുക്കലിനെ കിഴക്കൻ മലയോര മേഖലയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ കോൺക്രീറ്റ് അടിത്തറ കഴിഞ്ഞ മഴക്കാലത്ത് അടർന്നുപോയതിനെപ്പറ്റി കേരളകൗമുദി വാർത്ത നൽകിയിരുന്നു.
നബാർഡിന്റെ സഹായത്തോടെ നിർമ്മിക്കുന്ന പാലത്തിന് ആറര കോടിയാണ് അടങ്കൽ തുക. ശീമാട്ടി മുതൽ ആറയിൽ വരെ ആറ് കിലോമീറ്റർ പാതയുടെയും എട്ട് മീറ്റർ വീതിയിലുള്ള പാലത്തിന്റെയും നിർമ്മാണ പദ്ധതിയുടെ ടെൻഡർ നടപടി കഴിഞ്ഞ ദിവസം പൂർത്തിയാകുകയും അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തെന്ന് ചാത്തന്നൂർ പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.