കൊല്ലം: കേരളത്തിന്റെ പുനർനിർമ്മാണം ശക്തിപ്പെടുത്താൻ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ കബഡി, വോളിബോൾ ടൂർണമെന്റിന് ആവേശോജ്ജ്വല തുടക്കം. മന്ത്റി ഇ. പി. ജയരാജൻ കായികോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ കായിക ഇനങ്ങളും ലക്ഷ്യമാക്കി കൂടുതൽ സ്റ്റേഡിയങ്ങൾ നിർമ്മിക്കും. ദേശീയ അന്തർദേശീയ മത്സര വിജയികൾക്ക് സർക്കാർ ജോലിയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്റി ജെ. മേഴ്സിക്കുട്ടിഅമ്മ മുഖ്യാതിഥിയായിരുന്നു. എം. നൗഷാദ് എം. എൽ. എ അദ്ധ്യക്ഷനായി. എം. മുകേഷ് എം. എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, കളക്ടർ ബി. അബ്ദുൽ നാസർ, സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് തുടങ്ങിയവർ പങ്കെടുത്തു. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ സർക്കാർ ജീവനക്കാരുടെ കലാസംഘടനയായ ജ്വാല അവതരിപ്പിച്ച നാടൻപാട്ടുകളോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
കളിക്കളത്തിൽ നിന്ന് കായികതാരങ്ങളും കായികപ്രേമികളും വിദ്യാർഥികളും അണിനിരന്ന മാർച്ച് പാസ്റ്റ് നടത്തി. ഉദ്ഘാടന കബഡി മത്സരത്തിൽ 12 പോയിന്റ് മാത്രം നേടിയ ശ്രീലങ്കൻ ആർമിയെ 46 പോയിന്റോടെ തകർത്ത് കേരള പോലീസ് വിജയം നേടി.