paravur
തെക്കുംഭാഗം - കാപ്പിൽ ബീച്ച്

പരവൂർ: വിനോദ സഞ്ചാരികൾക്ക് പ്രിയങ്കരമായ തെക്കുംഭാഗം - കാപ്പിൽ ബീച്ച് വികസനത്തിനായി കാതോർക്കുന്നു. അറബിക്കടലും ഇടവ - നടയറ കായലും കരയെ തഴുകുന്ന മനോഹരമായ പ്രദേശമാണ് തെക്കുംഭാഗം - കാപ്പിൽ ബീച്ച്. കടലിനെയും കായലിനെയും വേർതിരിക്കുന്ന മണൽപ്പരപ്പും ചുറ്റുമുള്ള പച്ചപ്പും തേടി വിദേശികളും സ്വദേശികളുമായ നിരവധി പേരാണ് ഇവിടെ എത്തുന്നത്. എന്നാൽ മേഖലയ അധികൃതർ മനപൂർവം അവഗണിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

 പേരിന് കുറച്ച് ഇരിപ്പിടങ്ങൾ

സംസ്ഥാന സർക്കാർ ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കാപ്പിൽ ബീച്ചും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പശ്ചാത്തല വികസനം നാമമാത്രമായ സൗകര്യങ്ങളിൽ ഒതുങ്ങുകയാണ് ഉണ്ടായത്. വികസനമെന്ന പേരിൽ ബീച്ചിന്റെ പരിസരത്ത് കുറച്ച് ഇരിപ്പിടങ്ങളും തെരുവ് വിളക്കുകളും മാത്രമാണ് ആകെ സ്ഥാപിക്കപ്പെട്ടത്. ബീച്ചിലെ മാലിന്യസംസ്കരണവും ശുദ്ധജലത്തിനായുള്ള പൈപ്പുകളുടെ അപര്യാപ്തതയും പോലും പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

 ബീച്ചും പരിസരവും ഇരുട്ടിൽ, സാമൂഹ്യവിരുദ്ധരെ ഭയന്ന് സന്ദർശകർ

തെരുവ് വിളക്കുകൾ അടുത്തകാലത്ത് സ്ഥാപിച്ചതാണെങ്കിലും പലതും കേടായതോടെ സന്ധ്യമയങ്ങുമ്പോൾ ബീച്ചും പരിസരവും ഇരുട്ടിലാണ്. ഇതോടെ പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. ഇവരെ ഭയന്ന് സന്ദർശകരുടെ എണ്ണത്തിൽ അടുത്ത കാലത്തായി വലിയ കുറവാണുണ്ടായിരിക്കുന്നത്.സാമൂഹ്യ വിരുദ്ധരെ അമർച്ച ചെയ്യുന്നതിന് ബീച്ചിന് സമീപം പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും അധികൃതർ മൗനം പാലിക്കുകയാണ്. അയിരൂർ, പരവൂർ പൊലീസ് സ്റ്റേഷനുകൾ അതിർത്തി പങ്കിടുന്ന പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ വേണമെന്നാണ് പ്രദേശത്തെ വ്യാപാരികളടക്കം ആവശ്യപ്പെടുന്നു.

 ലേക് സാഗർ റിസോർട്ടും അടച്ചുപൂട്ടി

ഒരുകാലത്ത് സജീവമായിരുന്ന പരവൂർ നഗരസഭയുടെ ലേക് സാഗർ റിസോർട്ട് ഇപ്പോൾ പൂട്ടിയിട്ടിരിക്കുകയാണ്. മുമ്പ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള ആധുനിക വാട്ടർ സ്പോർട്സ് സൗകര്യങ്ങളായ കയാക്കിംഗ്, ബംബർ റെയ്‌ഡ്‌, സ്‌പീഡ്‌ ബോട്ട് തുടങ്ങിയവ ഇവിടെ സജ്ജമായിരുന്നു. റിസോർട്ട് അടച്ചതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞു.

റിസോർട്ട് അടക്കുന്നതിന് മുമ്പ് ബീച്ചിന് സമീപം കായലോരത്ത് വാട്ടർ സ്പോർട്സ് കോംപ്ലക്സ് സ്ഥാപിച്ച് നീന്തൽ പരിശീലനത്തിന് സൗകര്യം ഒരുക്കാൻ പദ്ധതിയിട്ടിരുന്നു. ലേക് സാഗർ റിസോർട്ട് പൂട്ടിയതോടെ ഈ പദ്ധതി സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്നു.


 പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം
ധാരാളം വിനോദ സഞ്ചാരികൾ നിത്യേന എത്തുന്ന ബീച്ചിൽ ഇവരുടെ സുരക്ഷാ ഉറപ്പാക്കണം. ഇതിനായി മേഖലയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. കൂടാതെ സംസ്ഥാന സർക്കാരും നഗരസഭയും പ്രഖ്യാപിച്ചിട്ടുള്ള കടലോര പാർക്ക് പ്രാവർത്തികമാക്കണം.

പി.എം. ഹക്കിം, തെക്കുംഭാഗം സ്വദേശി

ജില്ലാ സെക്രട്ടറി, ഐ.എൻ.ടി.യു.സി