വിശ്രമ, ശുചിമുറികളിൽ അസഹ്യമായ ദുർഗന്ധം
ശുചീകരണ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു
കൊല്ലം: ദിവസവും ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന കൊല്ലം റെയിൽവേ സ്റ്റേഷനിൽ ശുചീകരണം പാളുന്നു. അസഹ്യമായ ദുർഗ്ഗന്ധം കാരണം വിശ്രമമുറികളിലും ശുചിമുറികളിലും പ്രവേശിക്കാനാകാത്ത സ്ഥിതിയാണെന്ന് യാത്രക്കാർ പറയുന്നു. ശുചീകരണ തൊഴിലാളികളുടെ എണ്ണം കുറഞ്ഞതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
കരാർ വ്യവസ്ഥയിൽ സ്വകാര്യ എജൻസികൾക്കാണ് റെയിൽവേ സ്റ്റേഷനുകളിലെ ശുചീകരണ ചുമതല. കൊല്ലം റെയിൽവേ സ്റ്റേഷനിലെ ശുചീകരണ കരാർ രണ്ട് മാസം മുമ്പ് അവസാനിച്ചിരുന്നു. പുതിയ കരാറിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയാകാത്തതിനാൽ മൂന്ന് മാസത്തേക്ക് കരാർ നൽകിയിരിക്കുകയാണ്.
കരാർ നിലവിലുണ്ടായിരുന്ന സമയത്ത് 25 ഓളം തൊഴിലാളികൾ ശുചീകരണത്തിനുണ്ടായിരുന്നു. ഇപ്പോൾ കേവലം 15 പേരെയുള്ളു. റെയിൽവെ സ്റ്റേഷൻ പ്ലാറ്റ് ഫോം, വിശ്രമമുറികൾ എന്നിവയ്ക്ക് പുറമെ റെയിൽവെ ക്വാർട്ടേഴ്സുകൾ, കോളനികൾ എന്നിവിടങ്ങളിലെയും ശുചീകരണം ഈ 15 പേർ ചെയ്യേണ്ട അവസ്ഥയാണ്. അതുകൊണ്ട് തന്നെ റെയിൽവേ സ്റ്റേഷനിലെ ശുചിത്വം തീരെ പാലിക്കാനാകാത്ത സ്ഥിതിയാണ്. കുടുംബശ്രീ പരിപാലിക്കുന്ന എ.സി വിശ്രമകേന്ദ്രത്തിൽ മാത്രമാണ് അല്പമെങ്കിലും ആശ്വാസകരമായ അവസ്ഥയുള്ളത്.
ശുചിത്വത്തിൽ 345-ാം സ്ഥാനം
പ്രതിവർഷം പത്ത് കോടിയലധികം വരുമാനമുള്ള സ്റ്റേഷനുകളിൽ നടത്തിയ ശുചിത്വ സർവെയിൽ കൊല്ലം റെയിൽവേ സ്റ്റേഷൻ 345-ാം സ്ഥാനത്താണ്. സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ പതിനൊന്നാം സ്ഥാനത്താണ്. ശുചീകരണ തൊഴിലാളികളുടെ എണ്ണം കുറയുന്നതിന് മുമ്പാണ് ഈ സർവേ നടന്നത്. ഇപ്പോൾ സർവേ നടന്നാൽ കൊല്ലം റെയിൽവെ സ്റ്റേഷൻ ഇതിലുമേറെ പിന്നിലാകുമെന്ന് അധികൃതർ തന്നെ പറയുന്നു.