c
ആവേശമായി ഉച്ചവെയിലിലെ നൂറുമീറ്റർ ഓട്ടങ്ങൾ

കൊല്ലം: കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന റവന്യു ജില്ലാ കായികമേളയിലെ നൂറു മീറ്റർ ഓട്ട മത്സരങ്ങൾക്ക് പൊരിവെയിലത്തും ആവേശം. ഉച്ചയ്‌ക്ക് 12.30 ഓടെയാണ് സബ്‌ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മത്സരങ്ങളുടെ ഫൈനൽ നടന്നത്. പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ ചൂടിനെ മറികടന്ന് കാണികളും ഏറെയുണ്ടായിരുന്നു.

ആദ്യം നടന്ന സബ്‌ ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ പുനലൂർ എച്ച്.എസ് ഫോർ ഗേൾസിലെ ജോജി അന്ന ജോൺ ഒന്നാമതായി. ഹർഡിൽസിലും ഒന്നാം സ്ഥാനം സ്വന്തമാക്കിയ ജോജി പുനലൂർ കുമരംകൊടിയിൽ ജോൺ യോഹന്നാന്റെയും ജിനു ജോണിന്റെയും മകളാണ്.

ആൺകുട്ടികളുടെ മത്സരത്തിൽ കൊല്ലം ക്രിസ്തുരാജ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി എം.അപ്പൂസ് വിജയിയായി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം സി.എച്ച്.എസിലെ അമീന സലിം വാശിയേറിയ മത്സരത്തിൽ ഒന്നാമതായി. കോഴിക്കോട് സ്വദേശിയായ അമീന ദേശീയ തലത്തിലും മാറ്റുരച്ചിട്ടുണ്ട്. കോഴിക്കോട് മുക്കം നീലിയാനിക്കലിൽ സലിമിന്റെയും സൽമയുടെയും മകളാണ്.

ലോംഗ് ജമ്പിലും ഹർഡിൽസിലും ഒന്നാം സ്ഥാനം സ്വന്തമാക്കിയതിന് പിന്നാലെ ജൂനിയർ ആൺകുട്ടികളുടെ നൂറു മീറ്ററിൽ ക്രിസ്തുരാജ് സ്കൂളിലെ സ്റ്റാലിൻ ജോഷ്വ ഒന്നാം സ്ഥാനം നേടി. സീനിയർ പെൺകുട്ടികളുടെ മത്സരത്തിൽ കഴിഞ്ഞ തവണ കൈവിട്ട ഒന്നാം സ്ഥാനം കൊല്ലം എസ്.എൻ ട്രസ്റ്റിലെ അഭിന.എസ്.പ്രേം തിരിച്ചുപിടിച്ചു. ഓട്ടത്തിനൊപ്പം ലോംഗ് ജമ്പിലും ഒന്നാം സ്ഥാനം നേടിയ അഭിന തിരുവനന്തപുരം സ്വദേശി പ്രേംകുമാറിന്റെയും സുജയുടെയും മകളാണ്. അയ്യൻകോയിക്കൽ ജി.എച്ച്.എസ്.എസിലെ ആകാശ് ഹിരണിനാണ് സീനിയർ ആൺകുട്ടികളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം. ലോംഗ് ജമ്പിലും ഒന്നാമതെത്തിയ ആകാശ് ഇന്ന് ട്രിപ്പിൾ ജമ്പ് മത്സരത്തിനിറങ്ങും.