roa
കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ കലയനാട്ട് നവീകരണ ജോലികൾ തടഞ്ഞതിനെ തുടർന്ന് അസി.എൻജിനിയർ വസന്തൻ നാട്ടുകാരുമായി ചർച്ച നടത്തുന്നു

പുനലൂർ: തകർച്ചാഭീഷണി നേരിടുന്ന കൊല്ലം - തിരുമംഗലം ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള നവീകരണ പ്രവർത്തനങ്ങളിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് നാട്ടുകാർ പണികൾ തടഞ്ഞു. പുനലൂരിന് സമീപത്തെ കലയനാട് ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെയായിരുന്നു നവീകരണ പ്രവർത്തനം തടഞ്ഞത്. സ്ഥിരമായി റോഡ് തകരുന്ന കലയനാട് ജംഗ്ഷനിൽ പഴയ ടാറിംഗ് നീക്കം ചെയ്ത ശേഷം ഇന്റർ ലോക്ക് കട്ടകൾ പാകുന്ന ജോലികളിൽ ക്രമക്കേട് നടന്നെന്നാണ് സമരക്കാരുടെ ആരോപണം. ഇതുകൂടാതെ പണിസ്ഥലങ്ങളിൽ മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരില്ലെന്നും സമരക്കാർ പറയുന്നു. നിലവിലെ റോഡിൽ നിന്ന് 30സെന്റീമീറ്റർ താഴ്ചയിലുള്ള പഴയ ടാറിംഗ് ഉൾപ്പെടെ നീക്കം ചെയ്ത ശേഷം, മെറ്റലും, പാറപ്പൊടിടും നിരത്തി ഉറപ്പിച്ച ശേഷമാണ് ഇന്റർലോക്ക് കട്ടകൾ പാകേണ്ടത്. എന്നാൽ ചെറിയ രീതിയിൽ മാത്രം ടാറിംഗ് നീക്കം ചെയ്ത ശേഷം മെറ്റൽ പാകി ഉറപ്പിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം.

പുനലൂർ മുതൽ കോട്ടവാസൽ വരെയുളള പാതയിൽ സ്ഥിരമായി തകരുന്ന സ്ഥലങ്ങളിലെല്ലാം ഇന്റർ ലോക്ക് കട്ടകൾ പാകും. തെന്മല എം.എസ്.എല്ലിലെ ഇടുങ്ങിയ റോഡിനോട് ചേർന്ന് പുതിയ പാർശ്വഭിത്തി നിർമ്മിക്കും. ഇതിന് ശേഷം പുനലൂർ മുതൽ കോട്ടവാസൽ വരെയുളള പാത റീടാറിംഗ് നടത്തി മോടി പിടിപ്പിക്കും. ജനുവരിയോടെയാണ് റീ ടാറിംഗ് ആരംഭിക്കുന്നത്. ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുളള റോഡ് കഴിഞ്ഞ ആറ് മാസമായി തകർന്ന് കിടക്കുകയാണ്. കേരള, തമിഴ്നാട് അന്തർ സംസ്ഥാന കെ.എസ്.ആർ.ടി.സി ബസുകൾ അടക്കം ആയിരക്കണക്കിന് വാഹനങ്ങൾ ദിവസവും കടന്ന് പോകുന്ന ദേശീയപാതയാണ് തകർന്നത്.

നിർമ്മാണ പ്രവർത്തനം തടഞ്ഞതിലും പ്രതിഷേധം

കൊല്ലം - തിരുമംഗലം ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള നിർമ്മാണ പ്രവർത്തനം തടഞ്ഞതിൽ പ്രതിഷേധിച്ച് നാട്ടുകാരിൽ ചിലർ രംഗത്തെത്തി. റോഡ് തകർന്നതിനെ തുടർന്ന് യാത്രക്കാർ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ പണികൾ തടയുന്നത് ശരിയായ നടപടിയല്ലെന്നാണ് എതിർ പക്ഷത്തിന്റെ വാദം. തുടർന്ന് സ്ഥലത്തെത്തിയ അസി. എൻജിനിയർ വസന്തൻ സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് നവീകരണ പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു.

ദേശീയ പാത നവീകരിക്കുന്നതിന് മുന്നോടിയായി റോഡ് സ്ഥിരമായി തകരുന്ന സ്ഥലങ്ങളിലെ പഴയ ടാറിംഗ് അടക്കമുള്ളവ 20സെന്റീമീറ്റർ ആഴത്തിലാണ് നീക്കം ചെയ്യുന്നത്. തുടർന്ന് മെറ്റലും പാറപ്പൊടിയും നിരത്തി ഉറപ്പിച്ച ശേഷം 10 സെന്റീമീറ്റർ ഘനമുള്ള ഇന്റർ ലോക്കു കട്ടകളാകും പാകുന്നത്

റോഹിൻ , ദേശീയ പാതാ അസി. എക്സിക്യൂട്ടീവ് എൻജിനിയർ

35 കോടി രൂപയാണ് നവീകരണ ജോലികൾക്ക് അനുവദിച്ചിരിക്കുന്നത്.