കൊല്ലം: റവന്യു ജില്ലാ കായികമേളയിൽ ഡിസ്കസ് ത്രോയിൽ മികവ് പുലർത്തി ആദിത് ജോൺ സ്കോട്ട്. തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കുളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് ആദ്യ പതിനെട്ടിൽ ഏഴാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. നീണ്ടകര മാർസൽ ഡെയിലിൽ ജോൺ സ്കോട്ടിന്റെയും ബിന്ദുവിന്റെയും മകനാണ്.
സീനിയർ ജാവലിൻത്രോയിൽ ഷിബിൻഷാ
കഴിഞ്ഞ തവണ കൈവിട്ടു പോയ വിജയം ഇത്തവണ വാശിയേറിയ മത്സരത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും തിരിച്ചു പിടിച്ചിരിക്കുകയാണ് എസ്. ഷിബിൻഷാ. സീനിയർ ആൺകുട്ടികളുടെ ജാവലിൻത്രോയിൽ 43 മീറ്റർ എറിഞ്ഞാണ് ഷിബിൻഷാ ഒന്നാം സ്ഥാനം നേടിയത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ബാബു വർഗീസാണ് പരിശീലകൻ. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പാേഴാണ് ആദ്യമായി ജാവലിൻ പരിശീലിക്കുന്നത്. ആ വർഷവും തൊട്ടടുത്ത വർഷവും വിജയം ഷിബിൻഷായ്‌ക്കൊപ്പം ആയിരുന്നു. എന്നാൽ കഴിഞ്ഞ തവണ പിഴച്ചു. ജാവലിൻ മണ്ണിൽ കുത്തിയില്ല. ഇത്തവണ വിജയം നേടുമെന്ന വാശി സഫലമായി. ആര്യങ്കാവ് ഇടപ്പാളയത്ത് പാലവിളവീട്ടിൽ ഷാജഹാന്റെയും സബീനയുടെയും മകനാണ്.