കൊല്ലം: സംസ്ഥാനതല മത്സരത്തിലെ സംഘാടക പിഴവിൽ പരിക്കേറ്റ് ട്രാക്കിൽ നിന്ന് മാറി നിന്നു. ഒടുവിൽ കായികാദ്ധ്യാപകന്റെ നിർബന്ധത്തിൽ തിരിച്ചുവരവ് ഗംഭീരമാക്കി മയ്യനാട് വെള്ളമണൽ ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി നവനീത് കൃഷ്ണൻ.
കൊല്ലം സായി താരമായിരിക്കുമ്പോഴാണ് സംസ്ഥാനതല മത്സരത്തിൽ ട്രാക്കിലെ പിഴവുകൾ മൂലം നവനീത് വീണ് കൈയൊടിഞ്ഞത്. കൈയിൽ കമ്പി ഇടേണ്ടി വന്നു. ഇതോടെ പരിശീലനം മുടങ്ങി. കമ്പി നീക്കം ചെയ്ത് ട്രാക്കിൽ തിരികെ എത്തിയപ്പോൾ താൻ തോൽപ്പിച്ച പലരും തന്നെ തോൽപ്പിച്ച് മുന്നേറുന്നതിന് സാക്ഷിയായി. ഇതോടെ ട്രാക്കിനോട് വിട പറഞ്ഞ് പഠനത്തിലൊതുങ്ങി. എന്നാൽ നവനീതിന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്ന കായികാദ്ധ്യാപകൻ മഹേഷ് കുമാറിന്റെയും രക്ഷാകർത്താക്കളുടെയും നിർബന്ധത്തിൽ വീണ്ടും മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു. ശ്രദ്ധയോടെ പരിശീലിച്ച് കൈവിട്ടുപോയ വിജയങ്ങൾ തിരികെപ്പിടിച്ചു. ഇപ്പോൾ റവന്യു ജില്ലാ കായികമേളയിൽ 800 മീറ്ററിൽ മികച്ച സമയം കുറിച്ച് ഒന്നാം സ്ഥാനവും സ്വന്തമാക്കി. സംസ്ഥാന തലത്തിൽ കരുത്തരായ എതിരാളികളെ നേരിടാൻ നല്ല പരിശീലനം നടത്തുകയാണ് നവനീത്