കൊല്ലം: ആർ.ശങ്കർ കാലാതീത വ്യക്തിത്വത്തിന് ഉടമയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം. പി. പറഞ്ഞു. ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടയ്ക്കലുള്ള സമിതി ഹാളിൽ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് നൽകിയ സംഭാവനകളുടെ പേരിലാണ് അദ്ദേഹത്തെ കേരളം എക്കാലവും ഓർക്കുന്നത്. ഉന്നത വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന ജനസമൂഹത്തിനായി പൊതുജന പങ്കാളിത്തത്തോടെയും ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളിലൂടെയും കലാലയങ്ങൾ സ്ഥാപിച്ചു. ഗുരുദേവന്റെ കല്പനകൾ പ്രായോഗികമാക്കിയ കർമ്മയോഗിയാണ് ആർ.ശങ്കറെന്ന് അദ്ദേഹം അനുസ്മരിച്ചു.
എസ്. എൻ. കോളേജിൽ പ്രൊഫസറായിരുന്ന കെ. ശശികുമാർ ആർ. ശങ്കറിന്റെ കാലഘട്ടത്തിലെ ഓർമ്മകൾ പങ്കുവച്ചു.
ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് വി. സജീവ്, പ്രൊഫ. കെ. ജയപാലൻ, ഡോ. ബി. കരുണാകരൻ, ഡോ. സി. എൻ.സോമരാജൻ എന്നിവർ പ്രസംഗിച്ചു. സമിതി ജില്ലാ പ്രസിഡന്റ് കുന്നേൽ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.മോഹനൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.