കൊട്ടിയം: സ്വത്തുക്കൾ കൈക്കലാക്കിയ ശേഷം പ്രായമായ മാതാവിനെ സംരക്ഷിക്കാൻ തയ്യാറാകാതെ മക്കൾ. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ മാതാവിനെ അകത്തുകയറ്റാതെ ഗേറ്റ് പൂട്ടി മകൾ സ്ഥലം വിട്ടു. മകളുടെ പെരുമാറ്റത്തിൽ മനംനൊന്ത് അവശയായ മാതാവ് പൂട്ടിയ ഗേറ്റിന് മുന്നിൽ നിന്ന് അലമുറയിട്ടതോടെ നാട്ടുകാരും വനിതാ കമ്മിഷനുമുൾപ്പെടെ പ്രശ്നത്തിൽ ഇടപെട്ടിരിക്കുകയാണ്.
കൊല്ലം മണ്ണാണിക്കുളം സ്വദേശിനി മിത്രാവതിക്കാണ് സ്നേഹിച്ച് വളർത്തിയ മക്കളിൽ നിന്ന് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. അഞ്ച് പെൺമക്കളുൾപ്പടെ ആറ് മക്കളാണ് മിത്രാവതിക്ക്. ഏകമകൻ വിദേശത്താണ്. സ്വത്തുക്കളെല്ലാം മക്കൾക്ക് വീതം വച്ച് നൽകിയതിന് ശേഷം മൈലക്കാടുള്ള മകൾക്കൊപ്പമാണ് ഇവർ കഴിഞ്ഞിരുന്നത്. എന്നാൽ തന്റെ പെൻഷൻ തുക ലഭിക്കുന്നത് മണ്ണാണിക്കുളത്ത് താമസിക്കുന്ന മകളുടെ വിലാസത്തിലായതിനാൽ അവിടെ താമസിക്കാനായിരുന്നു മിത്രാവതിക്ക് ഇഷ്ടം. മൈലക്കാട്ടുള്ള മകളുടെ വീട്ടിൽ വേണ്ട സൗകര്യങ്ങളുമില്ല.
കഴിഞ്ഞ വ്യാഴാഴ്ച മണ്ണാണിക്കുളത്തെ മകളുടെ വീട്ടിൽ എത്തിയപ്പോഴാണ് ഗേറ്റ് അകത്തുനിന്ന് പൂട്ടി മറ്റൊരു വഴിയിലൂടെ മകൾ സ്ഥലം വിട്ടത്. പൂട്ടിയ ഗേറ്റിനു പുറത്തിരുന്ന് മിത്രവാതി കരയുന്നത് കണ്ടപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. വാർഡ് മെമ്പർ വിപിൻ വിക്രം ഇരവിപുരം പൊലീസിൽ വിവരമറിയിച്ച ശേഷം ഇവരെ മൈലക്കാട്ടെ മകളുടെ വീട്ടിൽ എത്തിച്ചു.
കഴിഞ്ഞമാസം ഇരവിപുരം പൊലീസ് ഇടപെട്ട് മിത്രാവതിയെ സംരക്ഷിക്കാൻ മക്കളോട് നിർദ്ദേശിച്ചെങ്കിലും മൈലക്കാട്ടെ മകൾ മാത്രമാണ് അമ്മയെ കൂടെ നിറുത്താൻ തയാറായത്. വൃദ്ധ മാതാവിനെ വീട്ടിൽ കയറ്റാതിരുന്ന സംഭവമറിഞ്ഞ് വനിതാ കമ്മിഷൻ അംഗം മൈലക്കാട്ടുള്ള മകളുടെ വീട്ടിലെത്തി മിത്രാവതിയോടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആറ് മക്കളെയും വിളിച്ചുവരുത്തി മാതാവിന് സംരക്ഷണം നൽകാൻ ആവശ്യപ്പെടുമെന്ന് ഷാഹിദാ കമാൽ പറഞ്ഞു. മക്കൾക്കെതിരെ കേസെടുക്കാൻ വനിതാ കമ്മിഷൻ പൊലീസിന് നിർദ്ദേശം നൽകി.