പത്തനാപുരം ; വാഹന പരിശോധനയ്ക്കിടെ കളഞ്ഞുകിട്ടിയ പണം ഉടമയെ കണ്ടെത്തി തിരികെ നൽകി പത്താനാപുരം പൊലീസ്. പത്തനാപുരം ജംഗ്ഷനിൽ നിന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് റൂറൽ പൊലീസിലെ വാഹന പരിശോധനാ സംഘത്തിന് മുപ്പത്തി രണ്ടായിരത്തോളം രൂപ ലഭിക്കുന്നത്. സിവിൽ പൊലീസ് ഓഫീസറായ വിജയകൃഷ്ണനാണ് പണം റോഡിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കൺട്രോൾ റൂം എസ്.ഐ സലീം റാവുത്തറിന്റെ നേതൃത്ത്വത്തിൽ സമീപത്തുള്ള ബാങ്കുകളിലും പൊലീസ് സ്റ്റേഷനിലും അറിയിപ്പ് നൽകി. തുടർന്ന് പുന്നല സ്വദേശി സിറാജിന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്തി. വ്യാപാരിയായ സിറാജ് ബാങ്കിലേക്ക് പോകവെയാണ് പണം നഷ്ടപ്പെട്ടത്. ഉടമയെ കണ്ടെത്തി പണം തിരികെ നൽകാനായതിന്റെ സന്തോഷത്തിലാണ് എസ്.ഐ സലീം റാവുത്തറും സിവിൽ പൊലീസ് ഓഫീസർമാരായ വിജയക്യഷ്ണനും ശ്യാംകുമാറും.