ചവറ: നാലു ദിവസം നീണ്ടുനിൽക്കുന്ന ചവറ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി. ആറ് പഞ്ചായത്തുകളിലെ 62 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. പന്മന മനയിൽ എസ്.ബി.വി.എസ്.ജി.എച്ച്.എസിൽ ഒരുക്കിയ എട്ടോളം വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ചവറ എ.ഇ.ഒ. എൽ. മിനി പതാക ഉയർത്തി. എൻ.വിജയൻപിള്ള എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു. പന്മന ആശ്രമം മഠാധിപതി പ്രണവാനന്ദ തീർത്ഥപാദർ കലാദീപം തെളിച്ചു. ചലച്ചിത്രതാരം ജയൻ കരുനാഗപ്പള്ളി വിശിഷ്ടാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി അദ്ധ്യക്ഷത വഹിച്ചു.
11ന് രാവിലെ 9 മുതൽ കലാമത്സരങ്ങൾ ആരംഭിക്കും. 13 ന് വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. വിജയികൾക്കുള്ള സമ്മാനദാനം ദക്ഷിണമേഖലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് ഇ. മൈതീൻകുഞ്ഞ് നിർവഹിക്കും.