കൊല്ലം: ജില്ല സ്‌കൂൾ കായിക മേളയുടെ രണ്ടാം ദിനം ട്രാക്ക്, ത്രോ മത്സരങ്ങൾ പൂർത്തിയായപ്പോൾ 143 പോയന്റുമായി പുനലൂർ ഉപജില്ല ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള കൊല്ലം ഉപജില്ലക്ക് 100.5 പോയിന്റുണ്ട്. 59 പോയിന്റുമായി ചാത്തന്നുർ ഉപജില്ല മൂന്നാമതും 43 പോയിന്റുമായി വെളിയം ഉപജില്ല നാലാമതുമാണ്.
സ്‌കൂളുകളിൽ 71 പോയന്റുമായി പുനലുർ സെന്റ് ഗൊരേത്തി എച്ച്.എസ്.എസ് ഒന്നാമതാണ്. ഇൻഫന്റ് ജീസസ് തങ്കശേരി 34.5 പോയിന്റുമായി രണ്ടാമതും എം.ടി.എച്ച്.എസ് പത്തനാപുരം 28 പോയിന്റുമായി മുന്നാം സ്ഥാനത്തുമാണ്. നാലാം സ്ഥാനത്തുള്ള കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിന് 16 പോയിന്റുണ്ട്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 3000ത്തോളം മത്സരാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാൻ ധാരാളം കാണികളുമുണ്ടായിരുന്നു. ഇന്ന് കായിക മേള സമാപിക്കും. സമാപന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.