പാരിപ്പള്ളി: ദീർഘനാളായി കിടപ്പിലായിരുന്ന വയോധിക തീ പടർന്ന് പിടിച്ച് മരിക്കുകയും കൂടെ താമസിച്ചിരുന്ന അവിവാഹിതനായ മകന് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.ചിറക്കര ക്ഷേത്രത്തിന് സമീപം ആലക്കാട്ട് പുത്തൻവീട്ടിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ സരസ്വതിഅമ്മയാണ് (85) മരിച്ചത്. മകൻ ശശിധരൻപിള്ളയെ (60) എൺപത് ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ ഇവർ രണ്ടുപേരും മാത്രമായിരുന്നു താമസം. ഭർത്താവിനു പുറമേ, നാലു മക്കളിൽ മറ്റു മൂന്നുപേരും നേരത്തേ മരിച്ചിരുന്നു.
ഇന്നലെ രാവിലെയാണ് വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാർ കണ്ടത്. പരവൂരിൽ നിന്ന് ഫയർഫോഴ്സും പാരിപ്പള്ളിയിൽ നിന്ന് പൊലീസും എത്തിയപ്പോഴേക്കും മാതാവ് മരിച്ചിരുന്നു.
മണ്ണെണ്ണയിൽ നിന്നാണ് തീ പടർന്നതെന്നും അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.ദീർഘനാളായി കിടപ്പിലായിരുന്ന സരസ്വതി അമ്മയെ മകൻ ശശിധരൻപിള്ളയാണ് ശുശ്രൂഷിച്ചിരുന്നത്. പരേതരായ രാജേന്ദ്രൻ പിള്ള,ശാന്ത,രാധാകൃഷ്ണപിള്ള എന്നിവരാണ് മറ്റു മക്കൾ.പാരിപ്പള്ളി പൊലീസ് കേസെടുത്തു.