പത്തനാപുരം: ശബരിമല സീസണ് മുൻപായി റോഡിലെ കുഴികൾ അടച്ച് ടാറിംഗ് നടത്തുമെന്ന് മന്ത്രി സുധാകരൻ നിയമസഭയിൽ പറഞ്ഞു. പത്തനാപുരം എം.എൽ.എ കെ.ബി ഗണേശ് കുമാറിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി സുധാകരൻ റോഡിന്റെ കാര്യത്തിൽ ഉറപ്പ് നല്കിയത്. പുനലൂർ മുവാറ്റുപുഴ പാതയിൽ പത്തനാപുരം, നെടുംപറമ്പ്, പിറവന്തൂർ, അലിമുക്ക്, മുക്കടവ് മേഖലകളിൽ റോഡ് തകർന്നത് മൂലം യാത്രാക്ലേശം രൂക്ഷമായതിനെപ്പറ്റി കേരളകൗമുദി വാർത്ത നൽകിയിരുന്നു. മഴ കനത്തതോടെ റോഡിലെ വലിയ കുഴികളിൽ വെള്ളം കെട്ടി നിന്ന് ഇരു ചക്രവാഹന യാത്രികരടക്കം അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡിന്റെ ശോച്യാവസ്ഥ കാരണം പത്തനാപുരത്ത് നിന്ന് പുനലൂർ വരെയുള്ള 13 കിലോമീറ്റർ കടക്കാൻ ഒന്നര മണിക്കൂറിലധിക സമയം വേണ്ടിവരുന്ന അവസ്ഥയാണ്. റോഡിലെ വലിയ കുഴികളിൽപ്പെട്ട് കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ള വാഹനങ്ങൾ തകരാറിലായി വഴിയിൽ കിടക്കുന്നത് പതിവ് കാഴ്ചയാണ്. അശാസ്ത്രീയ ടാറിംഗും ശരിയായ രീതിയിൽ ഓടകൾ നിർമ്മിക്കാത്തതുമാണ് മഴക്കാലത്ത് റോഡ് തകരാൻ കാരണമെന്നാണ് ആക്ഷേപം. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളും അന്തർ സംസ്ഥാന ചരക്ക് ലോറികളുമടക്കം നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന പാതയാണിത്.