kottiyam-market
കൊട്ടിയം ചന്ത

 കെട്ടിടം തകർന്ന് വീഴാവുന്ന അവസ്ഥയിൽ

കൊല്ലം: മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാതെ കൊട്ടിയം ചന്ത ചീഞ്ഞുനാറുന്നു. ദശാബ്ദങ്ങൾ പഴക്കമുള്ള ചന്തയിലെ കെട്ടിടം ഏതുനിമിഷവും തകർന്ന് വീണേക്കാവുന്ന അവസ്ഥയിലാണ്.

50 ഓളം കച്ചവടക്കരാണ് കൊട്ടിയം ചന്തയിലുള്ളത്. വിറ്റുപോകാത്ത സാധനങ്ങൾ പലരും ചന്തയിൽ തന്നെ ഉപേക്ഷിച്ചാണ് മടങ്ങുന്നത്. മത്സ്യവും പച്ചക്കറിയും അഴുകി മൂക്ക് പൊത്താതെ ചന്തയ്ക്കുള്ളിൽ പ്രവേശിക്കാനാകാത്ത അവസ്ഥയാണ്. ചന്തയിലേക്ക് കടക്കുമ്പോൾ തന്നെ കൊതുകുകളുടെയും ഈച്ചകളുടെയും വലിയ സംഘം പിന്നാലെ കൂടുമെന്നും ഉപഭോക്താക്കൾ പറയുന്നു. മലിനജലം ഒഴുകാനുള്ള ചെറിയ ചാലിൽ മാലിന്യം കുന്നുകൂടി കൊതുകും ഈച്ചയും പെറ്റുപെരുകുകയാണ്.
ചന്തയിൽ വർഷങ്ങൾക്ക് മുമ്പ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിരുന്നു. മാസങ്ങൾക്കുള്ളിൽ പ്ലാന്റ് പ്രവർത്തനരഹിതമായി. എന്നിട്ടും മാലിന്യം നിക്ഷേപിച്ചതോടെ സഹിക്കാനാകാത്ത ദുർഗ്ഗന്ധവും പകർച്ച വ്യാധി ഭീഷണിയും ഉയർന്നു. ഇതോടെ ബയോഗ്യാസ് പ്ലാന്റ് മണ്ണിട്ട് മൂടി.

ചന്തയിൽ മീൻകച്ചവടം നടക്കുന്ന കെട്ടിടത്തിന്റെ തൂണുകളും മേൽക്കൂരയും പൊളിഞ്ഞിളകിയിരിക്കുകയാണ്. ഉപഭോക്താക്കളും കച്ചവടക്കാരും ഭയന്നാണ് ഈ കെട്ടിടത്തിലേക്ക് കയറുന്നത്. പരിമിതമായ കച്ചവടക്കാർക്കുള്ള ഇടമേ കെട്ടിടത്തിനുള്ളിലുള്ളു. ശേഷിക്കുന്നവർ പുറത്ത് ടാർപ്പോളിൻ ഷീറ്റ് കൊണ്ട് താത്കാലിക ഷെഡ് കെട്ടിയാണ് കച്ചവടം നടത്തുന്നത്. ചന്തയ്ക്കുള്ളിലെ ശുചിമുറിയുടെ സ്ഥിതിയും ദയനീയമാണ്. ഭിത്തിയും തറയും പൊളിഞ്ഞിളകി ശുചിമുറി ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.

 ഹൈടെക് സ്വപ്നം പൊലിഞ്ഞു

ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ പരിധിയിലാണ് കൊട്ടിയം ചന്ത. പഞ്ചായത്തിന്റെ കഴിഞ്ഞ വർഷത്തെ വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ കൊട്ടിയം ചന്ത ഹൈടെക്ക് ആക്കാൻ വേണ്ടി നീക്കിവച്ചിരുന്നു. എം.എൽ.എ സംസ്ഥാന സർക്കാരിൽ നിന്ന് ഫണ്ട് ലഭ്യമാക്കാമെന്ന് പറഞ്ഞതോടെ വാർഷിക പദ്ധതിയിൽ വകയിരുത്തിയ തുക വകമാറ്റി. ജില്ലയിലെ മറ്റ് പല ചന്തകളിലും ഹൈടെക്ക് കെട്ടിടം അനുവദിച്ചെങ്കിലും കൊട്ടിയത്തെ തഴഞ്ഞു. ഇതോടെ കൊട്ടിയം ചന്തയുടെ ഹൈടെക്ക് സ്വപ്നം പൊലിഞ്ഞു.

'' ജി.എസ്. ജയലാൽ എം.എൽ.എ ശക്തമായ സമ്മർദ്ദം ചെലുത്താഞ്ഞത് കൊണ്ടാണ് കൊട്ടിയം ചന്തയ്ക്ക് ഹൈടെക്ക് കെട്ടിടം ലഭിക്കാതിരുന്നത്. മാലിന്യസംസ്കരണത്തിലും ശുചിമുറി പ്രവർത്തന സജ്ജമാക്കുന്നതിലും പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് വലിയ വീഴ്ചയാണുള്ളത്. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എന്ന നിലയിൽ താൻ എന്ത് നിർദ്ദേശം മുന്നോട്ടുവച്ചാലും പ്രസിഡന്റ് അടക്കമുള്ള മറ്രുള്ളവർ അംഗീകരിക്കില്ല."

കൊട്ടിയം ആർ. സാജൻ (ആദിച്ചനല്ലൂർ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ)

'' പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപയോളം കൊട്ടിയം ചന്തയിൽ നിന്ന് പഞ്ചായത്തിന് വരുമാനം ലഭിക്കുന്നുണ്ട്. ഈ വരുമാനത്തിന്റെ ഒരു ചെറിയ പങ്ക് പോലും പഞ്ചായത്ത് ചന്തയുടെ വികസനത്തിനോ ശുചീകരണത്തിനോ വേണ്ടി ചെലവഴിക്കുന്നില്ല.''

ബിനോ ഭാർഗവൻ (ആർ.വൈ.എഫ്, ഇരവിപുരം മണ്ഡലം സെക്രട്ടറി)