കൊല്ലം: കൊല്ലം തുറമുഖത്ത് നങ്കൂരമിട്ട നാവികസേനയുടെ യുദ്ധക്കപ്പലുകൾ ഏവർക്കും കൗതുകമായി. 'ഐ.എൻ.എസ് കാബ്രയും ഐ.എൻ.എസ് കൽപേനിയുമാണ് കൊല്ലം തീരമണഞ്ഞത്. നാവികസേന ദിനത്തിന്റെ ഭാഗമായാണ് ഇരുകപ്പലുകളും ഒരു ദിവസത്തേക്ക് കൊല്ലം തീരത്ത് നങ്കൂരമിട്ടത്. പിന്നീട് കൽപേനി കൊച്ചിയിലേക്കും കാബ്ര ബേപ്പൂരിലേക്കും പോയി.
കപ്പലുകൾ കാണാനും ഉള്ളിലെ കൗതുകങ്ങൾ കണ്ടറിയാനും സ്കൂൾ വിദ്യാർത്ഥികളുടെ നീണ്ടനിരയാണ് തുറമുഖത്തെത്തിയത്. അവധി ദിവസമായതിനാൽ നിരവധി കുടുംബങ്ങളും കപ്പൽ കാണാനെത്തിയിരുന്നു. കൊച്ചി ദക്ഷിണ നാവിക കമാൻഡിലെ യുദ്ധക്കപ്പലുകളാണ് കാബ്രയും കൽപ്പേനിയും ഇന്ത്യൻ സമുദ്രാതിർത്തിയിൽ പട്രോളിംഗ് നടത്തുന്ന നാവികസേനയുടെ യുദ്ധക്കപ്പലുകളിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് വിവരിച്ചു കൊടുക്കാൻ സേനാംഗങ്ങളും ഉണ്ടായിരുന്നു. ക്യാപ്ടൻന്മാർ ഉൾപ്പെടെ 100 നാവിക സേനാംഗങ്ങൾ ഇരുകപ്പലിലുമായുണ്ട്. ബേപ്പൂരിലും നാവിക സേന യുദ്ധക്കപ്പലുകളെ പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തും.
ഹെവി, മീഡിയം തുടങ്ങിയ തോക്കുകൾ ഉൾപ്പെടെ യുദ്ധക്കപ്പലിലെ എല്ലാ ഉപകരണങ്ങളെയും പ്രവർത്തനങ്ങളെയും വിശദമായി സേനാംഗങ്ങൾ വിവരിച്ചു. മലയാളികളും കൊല്ലം സ്വദേശികളുമായ എസ്. അജീസ് കുമാർ, എസ്. സംഗീത് എന്നിവരും കപ്പലുകളെക്കുറിച്ച് വിവരിച്ചു. ഓരോ ഉപകരണത്തിന്റെ പ്രത്യേകതയും അത് ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങളുമൊക്കെ പൊതുജനങ്ങൾക്ക് വിവരിച്ചു. 20 നോട്ടിക്കൽ മൈൽ ദൂരെയുള്ളവ വരെ കാണാൻ സാധിക്കുന്ന യുദ്ധക്കപ്പലുകളാണ് ഇവ രണ്ടും.
പ്രദർശിപ്പിച്ച ആയുധങ്ങൾ
01. 5.56 എം.എം എൽ.എം.ജി
02. 7.62 എം.എം എം.എം.ജി
03. 9 എം.എം കാർബൈൻ
04. 127 എം.എം എച്ച്.എം.ജി
2 കപ്പലിലുമായി ജീവനക്കാർ: 100
20 നോട്ടിക്കൽ മൈൽ ദൂരം വീക്ഷിക്കാം