കൊല്ലം: സമദൂരത്തിൽ നിന്ന് ശരിദൂരത്തിലേക്ക് പോയവർ ഒരു പാർട്ടിക്ക് വേണ്ടി പരസ്യമായി വോട്ട് പിടിച്ചപ്പോൾ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകിയെന്നും അതു കൊണ്ടാണ് കോന്നിയിലും വട്ടിയൂർക്കാവിലും രണ്ട് സ്മാർട്ട് പയ്യന്മാർ ജയിച്ചതെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം യോഗം കേന്ദ്ര കാര്യാലയത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല 'സൃഷ്ടി 2019' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
. അധികാരത്തിൽ പങ്കാളിത്തം കൊണ്ടേ അവഗണനയ്ക്ക് പരിഹാരം കാണാനാവൂ. രാഷ്ട്രീയ അധികാരവും സാമ്പത്തിക, സാമൂഹ്യ നീതിയും ചിലർ അവരുടെ കുടുംബത്തിലേക്ക് കൊണ്ടുപോവുകയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് വകുപ്പ് മന്ത്രി നേരിട്ട് വിളിച്ച് 40 സഹകരണ ബാങ്കുകൾ തുടങ്ങാൻ പറഞ്ഞു. 8 എണ്ണം തുടങ്ങി. പക്ഷേ,കൊല്ലം ജില്ലയിൽ ഒന്നിന് പോലും അനുമതി ലഭിച്ചില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് കാര്യം തിരക്കിയപ്പോൾ നായർ വിഭാഗത്തിലുള്ള ജില്ലയിലെ കോൺഗ്രസ് നേതാവിനെ കാണണമെന്ന് പറഞ്ഞു. ഇക്കൂട്ടർ നമ്മളെ കാണുമ്പോൾ ചിരിക്കും. പക്ഷേ, നന്നാവാൻ സമ്മതിക്കില്ല. ഈഴവർക്കുള്ള സംവരണം ഇല്ലാതാക്കണമെന്ന് പറഞ്ഞ് ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.- വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർമാരായ പി. സുന്ദരൻ, ബാബു കടുത്തുരുത്തി, സി.കെ. പ്രസന്നൻ, പച്ചയിൽ സന്ദീപ്, പിന്നാക്ക വികസന കോർപറേഷൻ മുൻ ഡയറക്ടർ വി.ആർ. ജോഷി, ഇന്റർനാഷണൽ ട്രെയിനർ എം.സി. രാജിലൻ, വിനോദ് ശ്രീധർ, വിനു ധർമ്മരാജൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. വി. ശ്രീകുമാർ സ്വാഗതവും ബി.ശിവപ്രസാദ് നന്ദിയും പറഞ്ഞു.