അഞ്ചൽ: നിർമ്മാണത്തിനിടെയുണ്ടായ ചെറിയ തടസങ്ങൾ നീങ്ങിയതോടെ അഞ്ചൽ ബൈപ്പാസ് നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട ചില തർക്കങ്ങളാണ് ത്വരിതഗതിയിൽ നടക്കുകയായിരുന്ന ബൈപ്പാസ് നിർമ്മാണം മന്ദഗതിയിലാക്കിയത്. തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മന്ത്രി കെ. രാജു മുൻകൈയെടുത്ത് കൊല്ലം കളക്ട്രേറ്റിൽ ആർ.ഡി.ഒയുടെയും ഭൂമി വിട്ടുനൽകിയവരുടെയും സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്ത് പരിഹരിച്ചു. തുടർന്നാണ് ബൈപ്പാസ് നിർമ്മാണം പുനരാരംഭിക്കാൻ തീരുമാനമായത്. അഞ്ചൽ - ആയൂർ റോഡിൽ വട്ടമൺ പാലത്തിന് സമീപം കുരിശുംമൂട്ടിൽ നിന്നാരംഭിക്കുന്ന ബൈപ്പാസ് അഞ്ചൽ - പുനലൂർ റോഡിൽ ബ്ലോക്ക് ഓഫീസിന് മുൻവശത്താണ് അവസാനിക്കുന്നത്. 2.1 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ മുൻകൈയെടുത്തത് സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജുവാണ്. നിർമ്മാണത്തിന്റെ രണ്ട് ഘട്ടങ്ങൾ പൂർത്തീകരിച്ച് മറ്റ് തടസങ്ങൾ നീക്കി മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് കിഫ്ബിയിൽ നിന്ന് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. 8 കോടിയോളം രൂപയാണ് ഇതുവരെ ബൈപ്പാസ് നിർമ്മാണത്തിനായി ചെലവഴിച്ചത്. ഇനി പത്തുകോടിയോളം രൂപ ബൈപ്പാസ് നിർമ്മാണത്തിനാവശ്യമായി വരുമെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. ഒരു പാലം, ടാറിംഗ്, സൈഡ് വാൾകെട്ട് തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇനി മുഖ്യമായും നടക്കാനുള്ളത്. നാലുവരിപ്പാതയിൽ നിർമ്മിക്കുന്ന ബൈപ്പാസിന് ഫുഡ് പാത്തും നിർമ്മിക്കുന്നുണ്ട്.
2.1 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് റോഡ്
8 കോടിയോളം രൂപയാണ് ഇതുവരെ ബൈപ്പാസ് നിർമ്മാണത്തിനായി ചെലവഴിച്ചത്.
10 കോടിയോളം രൂപ ഇനിയും വേണ്ടി വരുമെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്.
മന്ത്രിയുടെ ഇടപെടൽ
എൽ.ഡി.എഫിന്റെ ഭരണകാലത്ത് നിർമ്മാണം ആരംഭിച്ചെങ്കിലും യു.ഡി.എഫ് അധികാരത്തിൽ വന്നതോടെ നിർമ്മാണാവശ്യത്തിന് ഫണ്ടുകൾ ലഭിക്കാതായി. അങ്ങനെയാണ് നിർമ്മാണം മന്ദഗതിയിലായത്. തുടർന്ന് വീണ്ടും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തുകയും സ്ഥലം എം.എൽ.എ ആയ കെ. രാജു മന്ത്രി ആവുകയും ചെയ്തതോടെയാണ് ബൈപ്പാസ് നിർമ്മാണം ഊർജ്ജിതമായത്.
മന്ത്രിയുടെ ഇടപെടൽ ശ്ലാഘനീയം
അഞ്ചൽ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി കെ. രാജു നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമാണ്. നിർമ്മാണത്തിനിടെ ഉണ്ടായ ചെറിയ തടസങ്ങളും തർക്കങ്ങളും പരിഹരിക്കുന്നതിനും മന്ത്രിയുടെ ഇടപെടലുകൾ സഹായകമായി. ബൈപ്പാസ് പൂർത്തീകരിക്കുന്നതോടെ അഞ്ചലിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് കരുതുന്നത്. നിർമ്മാണം കഴിയുന്നത്ര വേഗത്തിൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശുഷ്കാന്തി കാട്ടണം.
സുദർശനൻ എസ്. (പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം അഗസ്ത്യക്കോട് ശാഖ)