കൊല്ലം: റവന്യു ജില്ലാ കായിക മേളയുടെ സമാപന ദിനത്തിൽ ആവേശകരമായി 1500 മീറ്റർ, 200 മീറ്റർ ഓട്ട മത്സരങ്ങൾ. മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കാൻ സഹപാഠികളും ആവേശത്തോടെ ഒത്തുചേർന്നതോടെ പോരാട്ടം കടുത്തു. ജൂനിയർ - സീനിയർ വിഭാഗങ്ങളിലാണ് 1500 മീറ്റർ മത്സരങ്ങൾ നടന്നത്. ജൂനിയർ പെൺകുട്ടികളിൽ പത്താനാപുരം മൗണ്ട് താബോർ ബി.എച്ച്.എസ്.എസിലെ.അഭിനയ ഒന്നാം സ്ഥാനം നേടി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഭിനയ മൂവായിരം മീറ്റർ ഓട്ടത്തിലും റിലേയിലും ഒന്നാമതെത്തിയിരുന്നു. ആൺകുട്ടികളിൽ കൊല്ലം ക്രിസ്തുരാജ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ബി. ജിപ്സൺ ഒന്നാം സ്ഥാനം നേടി. വാളകം എം.ടി.എച്ച്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി ആൽബി കുഞ്ഞുമോനാണ് രണ്ടാം സ്ഥാനം.
സീനിയർ പെൺകുട്ടികളിൽ ടി.എസ്. അനഘയാണ് ഒന്നാം സ്ഥാനം നേടിയത്. 400 മീറ്റർ, 800 മീറ്റർ ഓട്ട മത്സരങ്ങളിലും ഒന്നാമതായതോടെ അനഘ വ്യക്തിഗത ചാമ്പ്യനുമായി. തൃശൂർ ഇരിങ്ങാലക്കുട തൊട്ടിപ്പറമ്പിൽ സത്യന്റെയും സ്മിതയുടെയും മകളാണ്. വിമലഹൃദയ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അനഘ ദേശീയ മീറ്റിലും മത്സരിച്ചിട്ടുണ്ട്.
പുനലൂർ സെന്റ് ഗോരേറ്റി എച്ച്.എസ്.എസിലെ കെ. ശരത്താണ് സീനിയർ ആൺകുട്ടികളിൽ ഒന്നാമതെത്തിയത്. കഴിഞ്ഞവർഷം മൂവായിരം മീറ്റർ ഓട്ടത്തിൽ ഒന്നാമനായ ശരത് ഇത്തവണ ആദ്യ ലാപ്പിൽ പിന്മാറി. എന്നാൽ 800 മീറ്ററിലും 1500 ലും വാശിയോടെ മുന്നേറി. മേളയിലെ അവസാന മത്സരമായ 4x 400 മീറ്റർ റിലെയിലും ശരത് മികച്ച പ്രകടനം നടത്തി ടീമിനെ വിജയത്തിലെത്തിച്ചു.
ആവേശമായി 200 മീറ്റർ മത്സരങ്ങൾ
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നടന്ന 200 മീറ്റർ ഓട്ടവും വാശിയേറിയതായി. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ഗവ. എസ്.കെ.വി.യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഫിദ ഫാത്തിമ ഒന്നാമതായി. നൂറു മീറ്ററിൽ രണ്ടാം സ്ഥാനവും നാനൂറിൽ മൂന്നാം സ്ഥാനവും ഫിദയ്‌ക്ക് ലഭിച്ചു.
ആൺകുട്ടികളിൽ ക്രിസ്‌തുരാജിലെ എം. അപ്പൂസിനാണ് ഒന്നാം സ്ഥാനം. നൂറു മീറ്ററലും മികവ് തെളിയിച്ച അപ്പൂസ് വാശിയേറിയ മത്സരത്തിലാണ് വിജയിയായത്. ജൂനിയർ പെൺകുട്ടികളിൽ സായിയുടെ നയന ജോസ് നൂറു മീറ്ററിലെ പോരായ്മ പരിഹരിച്ച് ഒന്നാമതായി. കൊല്ലം എസ്.എൻ ട്രസ്റ്റിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നയന ഹർഡിൽസിലും ഒന്നാമതായി.
ആൺകുട്ടികളിലും സായിയുടെ ജഗൻ എൻ.സജീവൻ വിജയിയായി. കൊല്ലം എസ്.എൻ ട്രസ്റ്റിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ സജീവൻ നൂറു മീറ്ററിൽ രണ്ടാമനായിരുന്നു. സീനിയർ പെൺകുട്ടികളിൽ പുനലൂർ സെന്റ് ഗോരേറ്റി എച്ച്.എസ്.എസിലെ എൻ.എസ്. നൗഫിയും ആൺകുട്ടികളിൽ സായിയുടെ ഐവിൻ മാത്യുവും ഒന്നാമതായി. ഇരുവരും പ്ലസ്ടു വിദ്യാർത്ഥികളാണ്.