കൊല്ലം: നിലവിലുള്ള മോട്ടോർ വാഹനനിയമം ഭേദഗതി ചെയ്യണമെന്ന് ജില്ലാ കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ അടിക്കടി ഇറങ്ങുന്ന സർക്കുലറുകൾ ദുർവ്യാഖ്യാനം ചെയ്ത് നടപ്പാക്കുന്ന പരിഷ്കാരങ്ങൾ ടൂറിസ്റ്റ് ബസ് മേഖല തകരാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന അമ്പതിനായിരത്തോളം വരുന്ന കുടുംബങ്ങൾ പട്ടിണിയിലേയ്ക്ക് നീങ്ങുന്ന അവസ്ഥയാണുള്ളത്. സർക്കാർ അടിയന്തിരമായി ഈ മേഖലയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുന്നോട്ടു വരണമെന്നും യോഗം ആവശ്യപ്പെട്ടു. മിനിമം വാടക (50 കിലോമീറ്റർ ബാറ്റ അടക്കം) 6500 ആയി നിജപ്പെടുത്തുവാനും കമ്മിറ്റി തീരുമാനിച്ചു.
ഭാരവാഹികളായി നവാസ് ഐരക്കുഴി (പ്രസിഡന്റ്), എം.എസ്. സിറാജ്, ഉദയരഞ്ജിത്ത്, അഡ്വ. ദിലീപ്(വൈസ് പ്രസിഡന്റുമാർ), ടി. പ്രസന്നകുമാർ (ജനറൽസെക്രട്ടറി), അരവിന്ദ് റാഷിത്ത് നജാത്ത്, അർജുൻ കൃഷ്ണ (സെക്രട്ടറിമാർ), രാജു അമ്പാടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.