കൊല്ലം: സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിലെ ഒരേ മുറിയിൽ താമസിക്കുന്ന 'കട്ടച്ചങ്കുകൾ" റവന്യു ജില്ലാ കായിക മേളയിലെ മിന്നും താരങ്ങളായി. തിരുവനന്തപുരം സ്വദേശി അഭിന എസ്. പ്രേമും തൃശൂർ സ്വദേശി ടി.എസ്. അനഘയും മിന്നും നേട്ടം കരസ്ഥമാക്കിയത്.
ഉപജില്ലാ മത്സരത്തിലെ മുൻകൈ റവന്യു മത്സരങ്ങളിലും ആവർത്തിക്കണമെന്ന വാശിയോടെയാണ് ഇരുവരും ട്രാക്കിലിറങ്ങിയത്. വ്യത്യസ്തമായ മൂന്നിനങ്ങളിൽ മത്സരിച്ച് മൂന്നിലും ഒന്നാമതെത്തി വാശിയെ അവർ വിജയമാക്കി. സീനിയർ വിഭാഗത്തിൽ ലോംഗ് ജമ്പ്, ട്രിപ്പിൾ ജമ്പ്, നൂറു മീറ്റർ ഓട്ടം എന്നിവയിലാണ് അഭിന ഒന്നാമതെത്തിയത്. അതേസമയം 1500, 400, 800 മീറ്റർ ഓട്ടമത്സരങ്ങളിൽ അനഘയും മികവ് കാട്ടി. ഇതോടെ ഇരുവരും വ്യക്തിഗത ചാമ്പ്യന്മാരുമായി.
രണ്ടു വർഷമായുള്ള സൗഹൃദത്തിൽ ഊണും ഉറക്കവുമെല്ലാം ഒപ്പം തന്നെ. വാശിയോടെ കഷ്ടപ്പെട്ടതിന്റെ ഫലം ട്രാക്കിൽ സഫലമാക്കിയതിൽ രണ്ടു പേരും സന്തോഷത്തിലാണ്. സംസ്ഥാനതലത്തിലും മികവും റെക്കാഡും ലക്ഷ്യമിട്ട് പരിശീലനം നടത്താനാണ് ഇരുവരുടെയും തീരുമാനം. അനഘ കൊല്ലം എസ്.എൻ ട്രസ്റ്റിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയും അനഘ വിമലഹൃദയ ഹൈസ്കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയുമാണ്.