thevannoor
ജില്ലാ കായികമേളയിൽ സീനിയർ ബോയ്സ് ട്രിപ്പിൾ ജമ്പിൽ ഒന്നാം സ്ഥാനം നേടിയ ശ്യാം മോഹൻ (ഗവ. എച്ച്.എസ്.എസ് തേവന്നൂർ)

കൊല്ലം: ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ പുനലൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി എ.എസ്. അശ്‌മാദേവി ഒന്നാം സ്ഥാനം നേടി. നാളുകളുടെ ഇടവേളയ്‌ക്ക് ശേഷം നടത്തിയ പോൾ വാൾട്ട് മത്സരത്തിൽ കൊല്ലം സായിയുടെ നെവിൻ മാത്യു ജൂനിയർ വിഭാഗത്തിൽ ഒന്നാമതായി. മൂന്നു മീറ്റർ ഉയരത്തിൽ ചാടിയാണ് കൊല്ലം സെന്റ് അലോഷ്യസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ നെവിൻ വിജയിയായത്. കോട്ടയം ഏറ്റുമാനൂർ കിഴക്കതിൽ സരിതയുടെയും മാത്യുവിന്റെയും മകനാണ്.

സീനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ പുനലൂർ സെന്റ് ഗോരേറ്റി എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിനി ആർ. മാലാ ശിവരഞ്ജിനി ഒന്നാം സ്ഥാനം നേടി. 36.54 മീറ്ററായിരുന്നു മാലയുടെ മികച്ച പ്രകടനം. ജൂനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ ഉളിയനാട് ഗവ.എച്ച്.എസിലെ അഭില രാമഭദ്രൻ ഒന്നാമതായി. ആൺകുട്ടികളിൽ തങ്കശ്ശേരി ഇൻഫന്റ് ജീസസിലെ ജെ.പി. അഭിഷേക് ഒന്നാമനായി. അതേസമയം സീനിയർ പെൺകുട്ടികളുടെ 1500 മീറ്റർ മത്സരത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു. പുവറ്റൂർ ഡി.വി.എൻ.എസ്.എസ്.എച്ച്.എസ്.എസിലെ ഒ. രഞ്ജുവാണ് കുഴഞ്ഞു വീണത്. സംഘാടകരും മെഡിക്കൽ സംഘവും കൃത്യസമയത്ത് സ്ഥലത്തെത്തി ചികിത്സ നൽകി.