കൊല്ലം: ബി.എസ്.എൻ.എൽ, റെയിൽവേ തുടങ്ങിയവ സ്വകാര്യവത്ക്കരിക്കുന്നതിന്റെ പ്രത്യാഘാതം ഏറെ അനുഭവിക്കേണ്ടി വരുന്നത് പട്ടികജാതി ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. കേരള പാണൻ സമാജം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം പബ്ളിക് ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ കൂട്ടായ പ്രക്ഷോഭം ഉയർന്നു വരാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
സമാജം സംസ്ഥാന പ്രസിഡന്റ് ടി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ എം. നൗഷാദ് എം.എൽ.എ വിതരണം ചെയ്തു. ഭാരവാഹികളായ ചവറ മോഹനൻ, അജിനികുമാർ, എഴുകോൺ സഹദേവൻ, രജനി, ബിനി തുടങ്ങിയവർ സംസാരിച്ചു. സാമൂഹ്യനീതിയും സംവരണവും എന്ന വിഷയത്തിൽ വി.ആർ. ജോഷി പ്രബന്ധം അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന വനിതാ സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ഇന്നും തുടരും. വൈകിട്ട് പ്രകടനം, സമ്മേളനം എന്നിവയോടെ സമാപിക്കും.