bismi
വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസിലെ കായിക താരങ്ങളായ ബി.എസ്. ബിസ്മി,​ ശരണ്യ മോഹൻ, ജയ്ഷ കാർമൽ

കൊല്ലം: മികച്ച കായിക താരങ്ങളാൽ സമ്പന്നമാണ് മൈനാഗപ്പള്ളി കടപ്പ എച്ച്.എസ്.എസും വള്ളിക്കീഴ് ഹയർ സെക്കൻഡറി സ്കൂളും. ദേശീയ തലങ്ങളിൽ മത്സരിക്കുന്ന താരങ്ങളുണ്ടെങ്കിലും ഇവർക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ് രണ്ട് സ്കൂളും. നൂറു മീറ്റർ ഓട്ടം പരിശീലിപ്പിക്കാൻ പോലും ഇടമില്ലെന്നതാണ് വസ്തുത. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭിച്ചാൽ മികവുള്ള താരങ്ങളിൽ നിന്ന് നിലവിലെ പ്രകടനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ കഴിയുമെന്ന് കായികാദ്ധ്യാപകരായ പ്രമോദും സുജ തോമസും പറയുന്നു.

കബഡി, ബാഡ്മിന്റൺ മത്സരങ്ങളിൽ മൂന്ന് വർഷമായി സംസ്ഥാന മത്സരങ്ങളിൽ കടപ്പ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. ദേശീയ ക്യാമ്പുകളിലും കുട്ടികൾ പങ്കെടുക്കാറുണ്ട്. എന്നാൽ പരിശീലനത്തിന് മൈതാനമില്ലാതതിനാൽ പഞ്ചായത്ത് ഗ്രൗണ്ടിനെ ആശ്രയിക്കേണ് അവസ്ഥയാണ്.

വള്ളിക്കീഴിലും സ്ഥിതി ഇതുതന്നെ. കബഡി, ട്രിപ്പിൾ ജമ്പ്, ലോംഗ് ജമ്പ് വിഭാഗങ്ങളിൽ കായികതാരങ്ങൾ ജയം നേടുന്നത് കഷ്ടപ്പാടുകൾ സഹിച്ചാണ്. ക്ഷേത്രമൈതാനവും സ്റ്റേഡിയവും മാത്രമാണ് ആകെയുള്ള ആശ്രയം. പെൺകുട്ടികൾക്ക് പലപ്പോഴും ക്ഷേത്ര മൈതാനത്ത് പരിശീലനം കഴിയാത്ത സാഹചര്യമുണ്ടാകുന്നതും പഠന സമയവും കായിക പരിശീലനവും ഒരുമിച്ച് നടക്കുന്നതിലുള്ള ബുദ്ധിമുട്ടുമാണ് ഇവരെ വലയ്ക്കുന്നത്.

സ്കൂളിലെ പരിമിതമായ സൗകര്യങ്ങളിൽ പരിശീലനം ചെയ്യുന്നതിനിടെ ട്രിപ്പിൾ ജംമ്പിൽ മുൻവർഷങ്ങളിൽ ചാമ്പ്യനായ ശരണ്യ മോഹന് കാലിന് പരിക്കേറ്റു. പരിക്ക് വകവയ്ക്കാതെ മത്സരിച്ചെങ്കിലും രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങൾ നൽകിയാൽ ദേശീയ മത്സരങ്ങളിലുൾപ്പെടെ പങ്കെടുക്കാൻ കഴിവുള്ളവരാണ് ഇവിടത്തെ കായികതാരങ്ങളായ ബി.എസ് ബിസ്മി, ജെയ്ഷ കാർമൽ എന്നിവരെന്ന് സുജ തോമസ് പറയുന്നു.