കുന്നത്തൂർ: കുന്നത്തൂർ പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കുന്നത്തൂർ പാലം, ആറ്റുകടവ്, തോട്ടത്തുംമുറി, നെടിയവിള അമ്പലം ജംഗ്ഷൻ, പൂതക്കുഴി തുടങ്ങിയ ഭാഗങ്ങളിലാണ് തെരുവ്നായ്ക്കൾ ജനങ്ങൾക്ക് ഭീഷണിയാകുന്നത്. നായ്ക്കൾ കൂട്ടത്തോടെയെത്തിയാണ് ആക്രമണം നടത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. നാട്ടുകാരെ ആക്രമിക്കുന്നതിന് പുറമേ വളർത്തു മൃഗങ്ങൾക്ക് കടിയേൽക്കുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.
വീടുകളോട് ചേർന്ന പോർച്ചുകൾ, കെട്ടിട നിർമ്മാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്ന ഭാഗങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നായ്ക്കൾ പെറ്റുപെരുകുന്നത്. കുന്നത്തൂർ പാലത്തിനു സമീപം വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നതും തെരുവ് നായ്ക്കൾ പെരുകാൻ കാരണമായിട്ടുണ്ട്.
മദ്ധ്യവയസ്കന് പേപ്പട്ടിയുടെ കടിയേറ്റു
കഴിഞ്ഞ ദിവസം കുന്നത്തൂർ കിഴക്ക് വാഴുവേലിൽ വീട്ടിൽ ബാബുവിന് (56) പേപ്പട്ടിയുടെ കടിയേറ്റു. ഹോട്ടൽ തൊഴിലാളിയായ ഇദ്ദേഹത്തിന് ആറ്റുകടവ് ജംഗ്ഷനിൽ വച്ചാണ് കടിയേറ്റത്. ശരീരത്ത് കടിച്ച് തൂങ്ങിക്കിടന്ന നായയെ നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു.പ രിക്കേറ്റ ബാബു കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടികൾക്ക് ഭീഷണി
കുന്നത്തൂർ ആറ്റുകടവ് മേഖലയിലാണ് തെരുവ് നായ്ക്കൾ കൂടുതലായും ഭീതി പടർത്തുന്നത്. വീടുകളുടെ പോർച്ചുകൾ, തൊഴുത്തുകൾ, ആളൊഴിഞ്ഞ പറമ്പുകൾ, പാതയോരങ്ങൾ എന്നിവിടങ്ങളിൽ കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ കുട്ടികളെ ഓടിച്ചിട്ട് കടിക്കുന്നത് പതിവാണ്. വീടുകൾക്കുള്ളിലേക്കും നായ്ക്കൾ ഓടിക്കയറാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
എ.ബി.സി പദ്ധതി
ജില്ലാ പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകൾ വഴി ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പാക്കിയ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി (എ.ബി.സി) ലക്ഷ്യം കാണാതെ പോയതാണ് നായ്ക്കൾ പെരുകാനുള്ള കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. മാസങ്ങൾക്കു മുമ്പ് ജില്ലയിലെ ചില പഞ്ചായത്തുകളിൽ വന്ധ്യംകരണം നടത്തിയ തെരുവ് നായ്ക്കളെ രാത്രിയുടെ മറവിൽ വാഹനങ്ങളിലെത്തിച്ച് കുന്നത്തൂർ പാലത്തിനു സമീപം ഇറക്കിവിട്ടതാണ് ശല്യം രൂക്ഷമാകാൻ കാരണം.