sys
മലിനജലം വരുന്ന ജലശുദ്ധീകരണ യന്ത്രം

ചവറ : നീണ്ടകര താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ളം ശുദ്ധീകരിക്കുന്ന യന്ത്രത്തിൽ നിന്ന് മലിനജലം വരുന്നത് ആശുപത്രി ജീവനക്കാർക്ക് തലവേദനയാകുന്നു. എസ്. വൈ. എസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ സാന്ത്വനം പദ്ധതി പ്രകാരം രണ്ട് വർഷം മുമ്പാണ് യന്ത്രം ആശുപത്രിയിൽ സ്ഥാപിച്ചത്. മാസങ്ങൾക്കുള്ളിൽ തന്നെ യന്ത്രം തകരാറിലാവുകയും ജലം ശുദ്ധീകരിക്കപ്പെടാതെ മലിന ജലം ടാപ്പിലൂടെ പുറത്ത് വരുകയുമായിരുന്നു. ഗ്രീൻ വാട്ടർ കൺസപ്റ്റ് എന്ന കമ്പനിയുടേതാണ് ഈ യന്ത്രം. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും അവർക്ക് ഒപ്പം വരുന്ന കൂട്ടിരിപ്പുകാർക്കും ഇതിൽ നിന്നുള്ള വെള്ളം കുടിച്ച് അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ തന്നെ ചികിത്സതേടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എസ് വെ. എസ് ജില്ലാകമ്മിറ്റിയിലും യന്ത്രത്തിന്റെ നിർമ്മാണ കമ്പനിയിലും ആശുപത്രി അധികൃതർ പല തവണ വിവരമറിയിച്ചിട്ടും ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ആക്ഷേപം. ആശുപത്രിയിൽ ദിനംപ്രതിയെത്തുന്ന രോഗികൾ ഇതിൽ നിന്ന് വെള്ളം കുടിക്കാതിരിക്കാൻ ടാപ്പിൽ തൽക്കാലം ബാൻഡേജ് ടേപ്പ് ഒട്ടിച്ചിരിക്കുകയാണ് ആശുപത്രി ജീവനക്കാർ.