accident
ആവണീശ്വരത്ത് ടിപ്പർ ലോറി കടയിലേക്ക് ഇടിച്ചുകയറിയ നിലയിൽ

പത്തനാപുരം: ഓട്ടോ യാത്രികരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ടിപ്പർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി ചായക്കട ഉടമയ്ക്ക് നിസാര പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ആവണീശ്വരം ജംഗ്ഷനിലെ ചക്കുപാറ വൃന്ദാവനംവീട്ടിൽ സുധാകരന്റെ ചായക്കടയിലേക്കാണ് ടിപ്പർ ഇടിച്ചു കയറിയത്. കുന്നിക്കോട് ഭാഗത്ത് നിന്ന് പത്തനാപുരത്തേക്ക് പോവുകയായിരുന്ന ടിപ്പർ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ഓട്ടോ യാത്രികരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് സുധാകരന്റെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡ് വശത്ത് ഇരുന്ന സ്കൂട്ടറും വൈദ്യുത പോസ്റ്റും തകർത്താണ് ടിപ്പർ കടയിലേക്ക് ഇടിച്ച് നിന്നത്. ഈ സമയം കടയുടെ മുൻപിൽ ഉണ്ടായിരുന്നവർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. കടയ്ക്കുള്ളിൽ നിന്ന സുധാകരന്റെ ദേഹത്തേക്ക് അലമാരയും മേൽക്കൂരയുടെ ഓടുകളും തകർന്ന് വീണാണ് പരിക്കേറ്റത്. സുധാകരനെ ഓടിക്കൂടിയവർ സ്വകാര്യ ആശുപതിയിൽ എത്തിച്ചു. രണ്ട് മാസം മുൻപ് ഹൃദയാഘാതത്തിന് ഓപ്പറേഷൻ നടത്തി ചികിത്സയിലായിരുന്നു സുധാകരൻ. അപകടത്തെ തുടർന്ന് കുന്നിക്കോട് പത്തനാപുരം പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്തു.