blok
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച പോഷകശ്രീ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് എസ്. ലൈല നിർവഹിക്കുന്നു

ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ മട്ടുപ്പാവിൽ മണ്ണില്ലാതെ കൃഷി ചെയ്യുന്ന 'പോഷകശ്രീ' പദ്ധതിക്ക് തുടക്കമായി. ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല നെടുങ്ങോലത്ത് കർഷകനായ സുനിലിന്റെ വീട്ടിലെ മട്ടുപ്പാവിൽ പച്ചക്കറിത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പരിധിയലുള്ള അഞ്ച് പഞ്ചായത്തിലെ അൻപത് കർഷകരെയാണ് ആദ്യഘട്ടത്തിൽ പോഷകശ്രീയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 50 ഗ്രാബാഗുകൾ അടങ്ങുന്ന ഒരു യൂണിറ്റിന് 12,500 രൂപയാണ് ചിലവ്. അതിൽ 75% സബ്സിഡിയായി കർഷകർക്ക് ലഭിക്കും. ഒരു കർഷകൻ ഗുണഭോക്തൃ വിഹിതമായി 3125 രൂപ മാത്രം ചെലവഴിച്ചാൽ മതി. നിലവിൽ അഗ്രോ സർവീസ് സെന്റർ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങിൽ ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു അദ്ധ്യക്ഷത വഹിച്ചു. വി.എൻ. ഷിബുകുമാർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷേർളി സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാവർഗ്ഗീസ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിജയശ്രീ സുഭാഷ്, മൈലക്കാട് സുനിൽ, ഗിരികുമാർ, ആശാദേവി, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി. പ്രേമചന്ദ്രനാശാൻ, സുശീലാദേവി, ശ്രീലത, സിന്ധുമോൾ, സുനിത, റീന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി. അനിലകുമാരി, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.