general
ജില്ലാ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പുനലൂർ സെന്റ് ഗോരേറ്റി എച്ച്.എസ്.എസ് വിദ്യാർത്ഥികൾ അദ്ധ്യാപകർക്കൊപ്പം

കൊല്ലം: സ്കൂൾ വിഭാഗത്തിൽ ചാമ്പ്യൻമാരായ പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസിന്റെ വിജയത്തിന് പിന്നിലുള്ളത് വാശിയുള്ള പോരാട്ടത്തിന്റെ കഥ.

14 കിലോമീറ്റർ സഞ്ചരിച്ച് അഞ്ചൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടിലെത്തിയാണ് ഇവിടുത്തെ ദീർഘദൂര കായികതാരങ്ങളുടെ പരിശീലനം. 40 മീറ്റർ മാത്രം നീളമുള്ള ഒരു കൊച്ചു ഗ്രൗണ്ടാണ് സ്കൂളിനുള്ളത്. വേണ്ട കായിക ഉപകരണങ്ങൾ ഉണ്ടെങ്കിലും പരിശീലിക്കുന്നതിന് സ്ഥലമില്ലാത്തതാണ് സ്കൂളിന് മുന്നിലുള്ള വെല്ലുവിളി. തുടർച്ചയായ രണ്ടാം വർഷമാണ് ഇവർ ജില്ലാതലത്തിൽ ഓവറാൾ ചാമ്പ്യൻമാരാകുന്നത്. 101പോയിന്റ് നേടിയാണ് ഇത്തവണ സെന്റ് ഗൊരേറ്റി ചാമ്പ്യൻഷിപ്പിൽ മുത്തമിട്ടത്.

കഴിഞ്ഞ 15 വർഷമായി പുനലൂർ ഉപജില്ലയിലെ ഓവറാൾ ചാമ്പ്യൻമാരാണ്. എഴുപതോളം കായികതാരങ്ങളാണു സെന്റ് ഗോരേറ്റിയിൽ പരിശീലിക്കുന്നത്.
2004ൽ ദേശീയ സ്കൂൾ മീറ്റിൽ കേരളത്തിന് വേണ്ടി 4 സ്വർണം നേടിയ രാഹുൽ രാജും 2 സ്വർണം നേടിയ എസ്. ലിഖിനും ഉൾപ്പെടെ ഒട്ടേറെ കായികതാരങ്ങളാണ് സെന്റ് ഗൊരേറ്റിയിൽ നിന്ന് കായികലോകത്തേക്ക് എത്തിയിട്ടുള്ളത്.