എസ്.ഐ പാസിംഗ് ഔട്ട് പരേഡ് ഇന്ന് തൃശൂരിൽ
കൊട്ടാരക്കര: പ്രതിഭയ്ക്കും ധന്യയ്ക്കും ഇത് ധന്യനിമിഷം!. ഇനി ഇവരുടെ കാക്കിക്കുപ്പായത്തിൽ നക്ഷത്രത്തിളക്കം. കേരള പൊലീസ് അക്കാഡമിയിലെ പരിശീലനത്തിന് ശേഷം ഇന്ന് പുലർച്ചെ 6ന് പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇവർ അഭിമാനത്തിന്റെ സല്യൂട്ട് നൽകും. വനിതാ എസ്.ഐ തസ്തികയിലേക്ക് നിലവിൽ പൊലീസ് സേനയിലുള്ളവരുടെ സംവരണത്തിൽ ഒന്നും രണ്ടും റാങ്ക് നേടിയവരാണ് കൊല്ലത്ത് നിന്നുള്ള ഈ വനിതകൾ.
കേരള പൊലീസിൽ മുമ്പ് വനിതകൾക്ക് എസ്.ഐ തസ്തികയിൽ നേരിട്ട് നിയമനം ഉണ്ടായിരുന്നില്ല. പി.എസ്.സി ആദ്യമായി നടത്തിയ വനിത എസ്.ഐ പരീക്ഷയിൽ പൊലീസ് സേനയിലുള്ളവർക്ക് സംവരണമുള്ള വിഭാഗത്തിലേക്ക് പരീക്ഷ എഴുതിയാണ് ഇവർ ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കിയത്. കൊല്ലം പിങ്ക് പൊലീസിലെ വനിതാ സിവിൽ പൊലീസ് ഓഫീസറായിരുന്നു പ്രതിഭാനായർ. തട്ടാമല മന്നം മെമ്മോറിയൽ സ്കൂളിലെ അദ്ധ്യാപികയായിരുന്ന പ്രതിഭ 2007 ലാണ് പൊലീസിലെത്തിയത്. സർവീസിലിരിക്കേ ഗണിത ശാസ്ത്രത്തിൽ ബി.എഡും ബിരുദാനനന്തര ബിരുദവും നേടി. കേരള ഗ്രാമീൺ ബാങ്കിലെ കളക്ഷൻ ഏജന്റ് ആശ്രാമം വൈദ്യശാല നഗർ 34ൽ മംഗലത്ത് വീട്ടിൽ ദേവകുമാറിന്റെ ഭാര്യയാണ് പ്രതിഭ. സഹോദരി ദീപാനായരും സിവിൽ പൊലീസ് ഓഫീസറാണ്.
ശാസ്താംകോട്ട സർക്കിൾ ഓഫീസിലെ സിവിൽ പൊലീസായിരുന്നു കെ.എസ്. ധന്യ. കൊട്ടാരക്കര കോട്ടാത്തല കോഴികുന്നത്ത് വീട്ടിൽ ശിവദാസന്റെയും ലളിതയുടെയും മകളായ ധന്യ ഇപ്പോൾ ശാസ്താംകോട്ടയിലാണ് താമസം. 2002ൽ സിവിൽ പൊലീസ് ഓഫീസറായി സേനയിലെത്തിയപ്പോഴും നക്ഷത്രത്തിളക്കമായിരുന്നു സ്വപ്നം. സിവിൽ പൊലീസ് ഓഫീസറായ പ്രകാശിന്റെ പ്രോത്സാഹനം കൂടിയായപ്പോഴാണ് അത് യാഥാർത്ഥ്യമായത്. കഠിന പരിശീലനത്തിന് ശേഷം എസ്.ഐ ആകുന്നതിന്റെ ത്രില്ലിലാണ് ഇരുവരും.
കൊല്ലത്ത് നിന്ന് ആറ് പേർ
പ്രതിഭയ്ക്കും ധന്യയ്ക്കും പുറമേ വനിതാ എസ്.ഐമാരായി ഇന്ന് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്ന നാല് പേർ കൂടിയുണ്ട്. കൊട്ടാരക്കര സ്വദേശി പ്രിയ മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്നാണ് വനിതാ എസ്.ഐ ടെസ്റ്റ് പാസായത്. ജില്ലയിൽത്തന്നെയുള്ള സ്വാതി, ശിഖ, ആശ എന്നിവർ ജനറൽ വിഭാഗത്തിൽ നിന്ന് പി.എസ്.സി ടെസ്റ്റ് പാസായവരാണ്. ഇവർ ഒന്നിച്ചായിരുന്നു പരിശീലനം. തൃശൂർ പൊലീസ് അക്കാഡമിയിൽ കഠിന പരിശീലനത്തിൽ പങ്കെടുക്കുമ്പോഴും നാടിനെ സേവിക്കാൻ പുതിയ അവസരമൊരുങ്ങുന്നതിന്റെ ത്രില്ലിലാണിവർ. കേരള പൊലീസിൽ നേരിട്ട് നിയമനം ലഭിച്ച 37 വനിതകൾ ഉൾപ്പടെ 121 സബ് ഇൻസ്പെക്ടർമാരാണ് ഇന്ന് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുക. പരേഡ് കഴിഞ്ഞാൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള വനത്തോട് ചേർന്ന സ്റ്റേഷനുകളിലാണ് ആദ്യ നിയമനങ്ങൾ.