കൊല്ലം: പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. കിളികൊല്ലൂർ ഡീസന്റ് ജംഗ്ഷൻ തെറ്റിച്ചിറ സ്വദേശി വിഷ്ണു (22)വാണ് പിടിയിലായത്. കൊല്ലത്തെ ഒരു സ്കൂളിലെ നാലും അഞ്ചും വയസുള്ള കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. കുട്ടികൾ വീട്ടിലെത്തി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് വീട്ടുകാരിൽ സംശയം ഉടലെടുത്തത്.
മൂന്ന് കുട്ടികളുടെ മൊഴികളെടുത്ത ശിശുസംരക്ഷണ സമിതി ഇടപെട്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി കൊല്ലം കളക്ടറേറ്റിന് സമീപം എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഒന്നര മാസമായി പ്രതി കുട്ടികളെ പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.