കൊല്ലം: ദിവസവും പതിനായിരങ്ങളെത്തുന്ന കൊട്ടിയം ജംഗ്ഷനിൽ വിശ്രമിക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ ഇടമില്ല. ഇതിന് പരിഹാരം കാണാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി ഹൈടെക് അമിനിറ്റി സെന്റർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ, പ്രമുഖ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ളവർക്ക് പുറമേ തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലേക്ക് പോകുന്നതിനായി കണ്ണനല്ലൂർ, മയ്യനാട് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരും കൊട്ടിയം ജംഗ്ഷനിലെത്താറുണ്ട്. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഇത്രയേറെ തിരക്കുള്ള ജംഗ്ഷനിൽ പ്രാഥമിക ആവശ്യം നിർവഹിക്കാൻ സൗകര്യങ്ങളില്ലാതെ വലയുകയാണ് ജനങ്ങൾ.
നിരവധി സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളിലെ ജീവനക്കാരും ലോറിത്തൊഴിലാളികളും ഉച്ചസമയത്ത് കൊട്ടിയം ജംഗ്ഷനിലാണ് വിശ്രമിക്കുന്നത്. സഹികെടുമ്പോൾ പുരുഷന്മാർ ശങ്ക തീർക്കാനെത്തുന്നത് ജംഗ്ഷനോട് ചേർന്നുള്ള ചെറിയ ഇടറോഡുകളിലാണ്. അതുകൊണ്ട് തന്നെ ഇവിടങ്ങളിൽ അസഹ്യമായ ദുർഗന്ധമാണ്. പരിമിതമായ സൗകര്യത്തിൽ പ്രവർത്തിക്കുന്ന ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാരും പ്രാഥമിക ആവശ്യത്തിന് സൗകര്യമില്ലാതെ കാലങ്ങളായി വിഷമിക്കുകയാണ്. കൊട്ടിയം ചന്തയ്ക്കുള്ളിൽ ശുചിമുറി ഉണ്ടെങ്കിലും നവീകരണം കൃത്യമായി നടക്കാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്.
മയ്യനാട്, ആദിച്ചനല്ലൂർ, തൃക്കോവിൽവട്ടം പഞ്ചായത്തുകളുടെ പരിധിയിലാണ് കൊട്ടിയം ജംഗ്ഷൻ. കൊട്ടിയം ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നികുതിയിനത്തിൽ വൻതുക പറ്റുന്ന ഈ തദ്ദേശ സ്ഥാപനങ്ങൾ ജംഗ്ഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഒരുരൂപ പോലും ചെലവിടുന്നില്ലെന്ന ആരോപണം ഏറെനാളായി നിലനിൽക്കുന്നുണ്ട്.
'' ആയിരക്കണക്കിനാളുകൾ എത്തുന്ന കൊട്ടിയം ജംഗ്ഷനിൽ അമിനിറ്റി സെന്റർ അനിവാര്യമാണ്. വളരുന്ന എല്ലാ നഗരങ്ങളിലും ഇത്തരം സൗകര്യങ്ങളുണ്ട്. ജനപ്രതിനിധികൾ ഇതിനുള്ള ഇടപെടൽ നടത്തണം.''
ടി. നിയാസ് (വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയം യൂണിറ്റ് ജോ. സെക്രട്ടറി)