vending-zone-clipart

 പ്രഖ്യാപനം ഉടൻ

കൊല്ലം: നഗരപരിധിയിലെ തെരുവോര കച്ചവടക്കാ‌രെ പുനരധിവസിപ്പിക്കാനായി കോർപ്പറേഷൻ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായുള്ള 'വെൻഡിംഗ് സോൺ' പ്രഖ്യാപനം ഉടൻ നടക്കും. കൊല്ലം റെയിൽവേ ഓവർ ബ്രിഡ്ജിന് (ആർ.ഒ.ബി) താഴെയും ആശ്രാമം പുള്ളിക്കടയിലെ ലിങ്ക് റോഡിന് സമീപവുമാണ് വെൻഡിംഗ് സോണായി തീരുമാനിച്ചിരിക്കുന്നത്. തുണികൾ, ചെരുപ്പുകൾ, ബാഗുകൾ മുതലായ സാധനങ്ങളുടെ കച്ചവടമാണ് ആർ.ഒ.ബിക്ക് താഴെയായി നിശ്ചയിച്ചിരിക്കുന്നത്. പച്ചക്കറി, മീൻ മുതലായവയുടെ കച്ചവടം ലിങ്ക് റോഡിൽ സജ്ജീകരിക്കും. നിലവിൽ ഇവിടെ മീൻ കച്ചവടം നടക്കുന്നുണ്ട്.

ഓപ്പറേഷൻ ഈസി വാക്കിന്റെ ഭാഗമായി നഗരത്തിൽ പലയിടങ്ങളിലും തെരുവ്കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കകം വീണ്ടും നടപ്പാതകൾ ഉൾപ്പെടെ കൈയേറി കച്ചവടങ്ങൾ ആരംഭിച്ചു. ഇതോടെ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും കോർപ്പറേഷൻ കൗൺസിലിലും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതേതുടർന്നാണ് നഗരത്തിൽ വെൻഡിംഗ് സോൺ പ്രഖ്യാപിക്കാൻ തീരുമാനമായത്.

നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പലയിടങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിനൊപ്പം തന്നെ നഗരത്തിൽ പലയിടങ്ങളിലായി കച്ചവടം നടത്തുന്നവരെ പല മേഖലകളിലായി വിന്യസിക്കുകയാണ്. ഒരു മേഖലയിൽ എത്തുന്നവർക്ക് അവിടെ നിന്ന് അവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയും. തിരക്ക് കുറയ്‌ക്കുന്നതിനൊപ്പം കച്ചവടക്കാർക്ക് സൗകര്യപ്രദമായി കച്ചവടവും നടത്താം.

തെരുവേര കച്ചവടക്കാർക്ക് കാർഡുകൾ നൽകുന്നതിലുള്ള പ്രതിസന്ധികൾ ഉൾപ്പെടെ കഴിഞ്ഞ കൗൺസിലിൽ ചർച്ച ചെയ്‌തിരുന്നു. അർഹരായ എല്ലാവർക്കും ഗുണമുണ്ടാകുന്ന തരത്തിലായിരിക്കും സോണുകളിൽ സ്ഥലം നൽകുക.

''പുള്ളിക്കടയിലെ റോഡിന് ഇരുവശത്തുമുള്ള രണ്ട് പെട്ടിക്കടകൾ ഒഴിപ്പിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി കഴിഞ്ഞു. തൊട്ടടുത്ത ദിവസങ്ങളിൽ കോർപ്പറേഷൻ അധികൃതരും കളക്ടറുമായുള്ള ചർച്ചകൾക്ക് ശേഷം വെൻഡിംഗ് സോൺ പ്രഖ്യാപനം നടക്കും.

ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്.

 വെൻഡിംഗ് സോണുകൾ

 കൊല്ലം റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ
 ആശ്രാമം പുള്ളിക്കടയിലെ ലിങ്ക് റോഡിന് സമീപം