c
കണ്ണങ്കാട്ട് ജങ്കാർ കടവിൽ തെരുവ് വിളക്ക് കത്തുന്നില്ല

പടിഞ്ഞാറേക്കല്ലട : കല്ലടയാറിന് ഇരുകരകളിലുമുള്ള പടിഞ്ഞാറേകല്ലട പഞ്ചായത്തിനെയും മൺറോതുരുത്ത് പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണങ്കാട്ട് കല്ലുംമൂട്ടിൽ കടവിലെയും പ്രധാന റോഡിലേക്കുള്ള ഇടവഴിയിലെയും തെരുവുവിളക്കുകൾ കത്താതായിട്ട് മാസങ്ങളായി. രാവിലെ 6 :45 മുതൽ രാത്രി 8 :25 വരെയാണ് ഇവിടെ ജങ്കാർ പ്രവർത്തിച്ചുവരുന്നത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും ആണ് ഇരുകരകളിലേക്കും ജങ്കാർ വഴി കടന്നു പോകുന്നത്. കൂടാതെ മൺട്രോത്തുരുത്ത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്കുള്ള ട്രെയിൻ യാത്രക്കാരാണ് രാത്രികാലങ്ങളിൽ കൂടുതലായി ഇതുവഴി യാത്ര ചെയ്തു വരുന്നത്. അഷ്ടമുടിക്കായലിന് കുറുകെ നിർമ്മിക്കുന്ന പെരുമൺ പാലത്തിനോടൊപ്പം ഇവിടെ കണ്ണങ്കാട്ട് കടവിലെ പാലത്തിനും സർക്കാരിൽ നിന്നും 24.2 1 കോടി രൂപ അനുവദിച്ചിട്ടുള്ളതാണ്. ..അതിന്റെ ടെൻഡർ നടപടിക്രമങ്ങൾ നടന്നുവരികയാണ്. അടിയന്തരമായി ജങ്കാർ കടവിലെയും പ്രധാന റോഡിലേക്കുള്ള ഇടവഴിയിലെയും തെരുവ് വിളക്കുകൾ കത്തിക്കാൻ വേണ്ട നടപടികൾ പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.