villa
ഇടമൺ സത്രം ജംഗ്ഷനിൽ നാട്ടുകാർ തടഞ്ഞിട്ട സ്മാർട്ട് വില്ലേജ് ഓഫിസ് മന്ദിരത്തിൻെറ നിർമ്മാണ ജോലികൾ പുനരാരംഭിച്ചപ്പോൾ.

പുനലൂർ: ഇടമൺ സ്മാർട്ട് വില്ലേജ് ഓഫീസിനായുള്ള കെട്ടിടനിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് നാട്ടുകാർ തടഞ്ഞ നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ചു. പണികളുടെ മേൽനോട്ടം വഹിക്കാൻ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചതും ഗുണമേന്മയുള്ള സാമഗ്രികൾ ഉപയോഗിച്ച് നിർമ്മാണം നടത്താമെന്ന അധികൃതരുടെ ഉറപ്പിലുമാണ് പണികൾ പുനരാരംഭിച്ചത്. സർക്കാർ ഏജൻസിയായ നിർമ്മിതി കേന്ദ്രത്തിനായിരുന്നു കെട്ടിട നിർമ്മാണ ചുമതല. കഴിഞ്ഞ ആഴ്ചയാണ് നിർമ്മാണപ്രവർത്തനങ്ങൾ നാട്ടുകാർ തടഞ്ഞത്. കെട്ടിടത്തിൻെറ അടിസ്ഥാന നിർമ്മാണത്തിന് പാറപ്പൊടി മാത്രമാണ് ഉപയോഗിച്ചതെന്നായിരുന്നു സമരക്കാരുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ച് മുൻ തെന്മല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കോമളകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തിയാണ് നിർമ്മാണം തടഞ്ഞത്. ഒരാഴ്ചയ്ക്ക് ശേഷം റവന്യൂ അധികൃതർ മുൻ കൈയെടുത്ത് ഇരു ഭാഗങ്ങളുമായി ചർച്ച നടത്തി. തുടർന്ന് മിർമ്മാണ ജോലികളുടെ മോൽനോട്ടം വഹിക്കാൻ നാട്ടുകാരെക്കൂടി ഉൾപ്പെടുത്തി ഇടമൺ വില്ലേജ് ഓഫീസർ ജോസഫ് കാർഡോസ് കൺവീനറായുള്ള മോണിറ്ററിംഗ് കമ്മിറ്റി രൂപികരിച്ചു. ഗുണമേന്മയുളള സാമഗ്രികൾ ഉപയോഗിച്ച് നിശ്ചിത സമയത്തിനുള്ളിൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാം എന്ന കരാറുകാരുടെ ഉറപ്പിലാണ് നിർമ്മാണം പുനരാരംഭിച്ചത്.

2 മാസം മുമ്പാണ് മന്ത്രി കെ. രാജു കെട്ടിടത്തിൻെറ ശിലാസ്ഥാപനം നിർവഹിച്ചത്

42 ലക്ഷം രൂപ

ഇടമൺ സത്രം ജംഗ്ഷനിൽ പ്രവർത്തിച്ച് വന്ന പഴ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്ത് 42 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം പണിയുന്നത്. സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജുവിന്റെ ശ്രമ ഫലമായാണ് തുക അനുവദിച്ചത്. ഇടമൺ സത്രം ജംഗ്ഷനിൽ മുപ്പത് വർഷം മുമ്പ് പണിത കോൺക്രീറ്റ് കെട്ടിടത്തിലായിരുന്നു വില്ലേജ് ഓഫീസ് പ്രവർത്തിച്ചു വന്നത്.

കേരളകൗമുദിയുടെ ഇടപെടൽ

കാലപ്പഴക്കവും നിർമ്മാണത്തിലെ അപാകതയും കാരണം പഴയ കോൺക്രീറ്റ് കെട്ടിടം മഴയത്ത് ചോർന്നൊലിച്ച് പാർശ്വഭിത്തികൾ വിണ്ട് കീറിയിരുന്നു. കേരളകൗമുദി പത്രം നിരവധി തവണ ഇതുമായി ബന്ധപ്പെ

ട്ട് വാർത്ത നൽകി. വാർത്ത ശ്രദ്ധയിൽപ്പെട്ട വാർഡ് അംഗം ജെയിംസ് മാത്യൂവും നാട്ടുകാരും ചേർന്ന് ഓഫീസിന് പുതിയ കെട്ടിടം പണിത് നൽകണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജുവിനെ നേരിൽക്കണ്ട് നിവേദനം നൽകി. മന്ത്രി കെ. രാജു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരുമായി നടത്തിയ ചർച്ചയെ തുടർന്ന് ഇടമണിൽ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം പണിയാൻ 42 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.