കൊല്ലം: അവകാശങ്ങൾ നേടിയെടുക്കാൻ പട്ടികജാതിക്കാർ ശക്തമായി രംഗത്തിറങ്ങണമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. കേരള പാണൻ സമാജം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം സോപാനം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുസമൂഹത്തിന്റ അംഗീകാരം ലഭിച്ചാലേ പട്ടികജാതിക്കാർക്ക് അവകാശങ്ങൾ ലഭ്യമാവുകയുള്ളു. ഇതിന് ഏത് തരത്തിലുള്ള സമരമാർഗ്ഗവും സ്വീകരിക്കാം. ഹിന്ദുസമൂഹത്തിലെ ചാതുർവർണ്യമാണ് പട്ടികജാതിക്കാരെ സൃഷ്ടിച്ചത്. ജാതീയത അവസാനിക്കണമെന്ന് ഏറ്റവും തീവ്രമായി ആഗ്രഹിക്കുന്നത് പട്ടികജാതിക്കാരാണ്. എന്നാൽ അവകാശങ്ങൾ നേടിയെടുക്കാൻ ജാതീയമായി സംഘടിക്കണം. പട്ടികജാതിക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ കൃത്യമായി ലഭ്യമാകുന്നുണ്ടോയെന്നും പരിശോധിക്കണം.
പ്രമുഖ സംഗീതജ്ഞൻ രവീന്ദ്രൻ മാസ്റ്ററുടെ പ്രതിമ ജന്മദേശമായ കുളത്തൂപ്പുഴയിൽ സ്ഥാപിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും വി. ശശി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ, ജില്ലാ സെക്രട്ടറി വിനോദ് പട്ടാഴി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചവറ മോഹൻ സ്വാഗതവും സ്വാഗതംസംഘം ജനറൽ കൺവീനർ ബി.എസ്. ബാബു നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി നൂറ് കണക്കിന് സമുദായാംഗങ്ങൾ അണിനിരന്ന റാലിയും നഗരത്തിൽ നടന്നു.
പുതിയ ഭാരവാഹികളായി എഴുകോൺ സഹദേവൻ(രക്ഷാധികാരി), പി. തങ്കപ്പൻ (പ്രസിഡന്റ്), ബാലകൃഷ്ണൻ, സദാനന്ദൻ, അഡ്വ. സദാനന്ദൻ, ശാന്തമ്മ രാജേന്ദ്രൻ (വൈസ് പ്രസിഡന്റ്), ചവറ മോഹനൻ (ജന. സെക്രട്ടറി), ബി. അജിനി കുമാർ(ഓർഗനൈസിംഗ് സെക്രട്ടറി), രാജേന്ദ്രൻ (ട്രഷറർ), വിജയൻ, പ്രസാദ്, പി. രവീന്ദ്രൻ, പ്രീത വൃന്ദൻ (സെക്രട്ടറി), കെ.കെ. സുകുമാരൻ (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.