കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ നെല്ലറയായ ആര്യൻ പാടത്തെ ജലസമൃദ്ധമാക്കുന്ന കോഴിച്ചാൽ തോടിന്റെ വശങ്ങൾ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന കർഷകരുടെ ആവശ്യം ശക്തമാകുന്നു. പ്ലാവിള ചന്തയ്ക്ക് സമീപമുള്ള മപ്രാ തോട്ടിൽ നിന്നാരംഭിക്കുന്ന കോഴിച്ചാൽ തോട് പള്ളിക്കലാറിലാണ് ഒഴുകിയെത്തുന്നത്. 5 കിലോമീറ്റർ ദൈർഘ്യം വരുന്ന തോടിന്റെ മേനാത്ത് വയൽ വരെയുള്ള ഭാഗം സൈഡ് വാൾ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ശേഷിക്കുന്ന 3 കിലോമീറ്റർ വരുന്ന ഭാഗം സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണമെന്നത് വർഷങ്ങളായുള്ള കർഷകരുടെയും പ്രദേശവാസികളുടെയും ആവശ്യമാണ്. തോടിന്റെ വശങ്ങൾ പലയിടങ്ങളിലും തകർന്ന് കിടക്കുകയാണ്. ആര്യൻപാടത്തെ പള്ളിക്കലാറിൽ നിന്നും വേർതിരിക്കുന്ന ബണ്ടും ഏതാണ്ട് തകർച്ചയുടെ വക്കിലാണ്. തോടിന്റെ വശങ്ങളിൽ കരിങ്കൽ ഭിത്തി നിർമ്മിച്ചാൽ ബണ്ടിനും കൂടി സംരക്ഷണമാകുമെന്ന് കർഷകർ ഒന്നടങ്കം പറയുന്നു.
കഴിഞ്ഞ പ്രളയത്തിൽ കോഴിച്ചാൽ തോട്ടിൽ നിന്ന് വെള്ളം ആര്യൻപാടത്തേക്ക് ഇരച്ച് കയറി കൃഷി നശിച്ചിരുന്നു. തുടർന്ന് കർഷകർ 200 ചാക്കിൽ മണൽ നിറച്ച് തോടിന്റെ തകർന്ന ഭാഗങ്ങളിൽ നിരത്തിയാണ് വെള്ളമൊഴുക്ക് തടഞ്ഞത്
ആര്യൻപാടം നെല്ല് ഉല്പാദക സമിതി സെക്രട്ടറി എസ്. ഉണ്ണിക്കൃഷ്ണൻ
300 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്നതാണ് ആര്യൻപാടം. നിലവിൽ ഒരു എള്ള് കൃഷിയും ഒരു നെൽക്കൃഷിയുമാണ് ഇവിടെ നടത്തുന്നത്. കോഴിച്ചാലിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടിയാൽ ഒരു വർഷം മൂന്ന് കൃഷി നടത്താൻ കഴിയുമെന്ന് കൃഷിക്കാർ പറയുന്നു.
അക്കേഷ്യ മരം
തോടിന്റെ വശങ്ങളിൽ അക്കേഷ്യ മരം വളന്ന് നിൽക്കുന്നതും തോടിന്റെ നാശത്തിന് കാരണമാകുന്നുണ്ട്. മരങ്ങൾ മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ആര്യൻപാടം നെല്ല് ഉല്പാദക സമിതി ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മുറിച്ച് മാറ്റേണ്ട മരങ്ങളുടെ കണക്കുകൾ തയ്യാറാക്കി പോയിട്ട് വർഷം ഒന്ന് കഴിഞ്ഞു. ഒരു നടപടിയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലെന്നാണ് കർഷകരുടെ ആക്ഷേപം.