kollam-union
ഏകാത്മകം മോഹിനിയാട്ടത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന വിശദീകരണ സമ്മേളനം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. പി. സുന്ദരൻ, ആനേപ്പിൽ എ.ഡി. രമേഷ്, ഡോ. എസ്. സുലേഖ, ഷീലാ നളിനാക്ഷൻ എന്നിവർ സമീപം

കൊല്ലം: ശ്രീനാരായണഗുരു രചിച്ച കുണ്ഡലിനി പാട്ട് എന്ന കൃതിയെ ആസ്പദമാക്കി തൃശൂരിൽ ഏകാത്മകം എന്ന പേരിൽ അയ്യായിരം പേർ അവതരിപ്പിക്കുന്ന മോഹിനിയാട്ട നൃത്താവിഷ്ക്കാരത്തിൽ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയനിൽ നിന്ന് ഇരുന്നൂറ് വനിതകൾ പങ്കെടുക്കുമെന്ന് യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ പറഞ്ഞു. കൊല്ലം ശ്രീനാരായണ വനിത കോളേജിൽ നടന്ന വിശദീകരണ സമ്മേളനം എൻ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ പി. സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. ആനേപ്പിൽ എ.ഡി. രമേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എസ്. സുലേഖ, ഷീലാ നളിനാക്ഷൻ, ജെ. വിമലകുമാരി, കുമാരി രാജേന്ദ്രൻ, ലാലി വിനോദിനി, അശ്വതി, രേഷ്മ, അഖിലാ ലാൽ, എസ്. ശ്രുതി, അഞ്ജന, ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.

2020 ജൂൺ 18ന് തൃശൂർ തേക്കിൻകാട് മൈതാനത്താണ് ഗിന്നസ് ബുക്കിൽ ഇടംനേടുന്ന ഏകാത്മകം എന്ന മോഹിനിയാട്ടം മെഗാ ഈവന്റ്.

ജീവാത്മാവും പരമാത്മാവും ഒന്നാണ് എന്ന ഗുരുദേവന്റെ സന്ദേശമുൾക്കൊണ്ട ഈ കൃതിയുടെ നൃത്താവിഷ്ക്കാരത്തിൽ പതിമൂന്ന് വയസ് മുതൽ 50 വയസ് വരെയുളള എല്ലാ മതത്തിലുംപെട്ട സ്ത്രീകൾക്ക് പങ്കെടുക്കാവുന്നതാണ്. കന്യാകുമാരി ജില്ലയിലെ മരുത്വാമലയിലെ പിള്ളത്തടം ഗുഹയിലാണ് ഗുരു തപസ് ചെയ്തത്. കഠിനവ്രതത്തിലും ഈശ്വരപൂജയിലും മുഴുകിയിരുന്ന അദ്ദേഹത്തിന് ആത്മജ്ഞാനം ലഭിച്ചത് അവിടെ വച്ചാണ്. അസാധാരണമായ തേജസോടെയാണ് ഗുരു കുന്നിറങ്ങിയത്. കുണ്ഡലിനി പാട്ട് ആ തപസിന്റെ പശ്ചാത്തലത്തിൽ രചിച്ചതാണ്.