c
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ കൊല്ലം താലൂക്കിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്തു നടന്ന നബിദിന റാലി

കൊല്ലം: പ്രവാചകന്റെ പിറന്നാൾ സ്മരണ പുതുക്കി നാടെങ്ങും നബിദിനറാലികൾ നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നൂറ് കണക്കിന് വിശ്വാസികൾ അണിനിരന്ന നബിദിന സന്ദേശ റാലികൾ പാതയോരങ്ങളെ ഭക്തിനിർഭരമാക്കി.
കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ നിയമ നിർമ്മാണങ്ങൾ രാജ്യത്തെ മതേതര വിശ്വാസങ്ങൾ തകർക്കുകയാണെന്ന് കൊല്ലം ബീച്ചിൽ കേരള മുസ്ലീം ജമാ അത്ത് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി പറഞ്ഞു. വൈകിട്ട് ജോനകപ്പുറത്ത് നിന്നും ആരംഭിച്ച റാലി ചാമക്കട വഴി ബീച്ചിലെത്തിയ ശേഷമായിരുന്നു സമ്മേളനം. കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, എ.കെ. ഉമർ മൗലവി, മൈലക്കാട് ഷാ, പാങ്ങോട് എ. കമറുദ്ദീൻ മൗലവി, എം.എ. സമദ്, ആസാദ് റഹിം, എ.കെ. ഹഫീസ്, ജോനകപ്പുറം എസ്. നാസറുദ്ദീൻ, തൊടിയിൽ ലുക്ക്മാൻ, അബ്ദുൾ സലാം മാർക്ക്, ടി.എം. ഇക്ബാൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
കെ.പി. അബുബക്കർ ഹസ്രത്തിന്റെ ദുആയോടെ ആരംഭിച്ച സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എ.കെ. ഉമർ മൗലവി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മൈലക്കാട് ഷാ സ്വാഗതം ആശംസിച്ചു. സി.എ മൂസ മൗലവി നബിദിന സന്ദേശം നൽകി. ആതുരസേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച അസീസിയ മെഡിക്കൽ കോളേജ് ചെയർമാൻ അബ്ദുൾ അസീസിനെ എൻ.കെ. പ്രേമചന്ദ്രൻ എം.പി ആദരിച്ചു.