പരവൂർ: ജനകീയ പ്രശ്നങ്ങളെ പച്ചയായ ജീവിത പ്രശ്നങ്ങളായി ആദ്യമായി ആവിഷ്കരിച്ചത് നാടകങ്ങളാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. പരവൂർ നാടകശാലയുടെ ആഭിമുഖ്യത്തിൽ എസ്.എൻ.വി ഗേൾസ് ഹൈസ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച നാടകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നാടക കലാകാരന്മാരായ ഹഫീസ് ഖാൻ, സന്തോഷ് കലാമന്ദിർ, രാമചന്ദ്രകുറുപ്പ്, എച്ച്.എസ്. അലി, കടുവത്താഴത്ത് മുരളി, പൂതക്കുളം വിജയൻപിള്ള എന്നിവരെ മുൻ മന്ത്രി സി.വി. പത്മരാജൻ ചടങ്ങിൽ ആദരിച്ചു. സിനിമാ സംവിധായകനും സംസ്ഥാന അവാർഡ് ജേതാവുമായ അന്തരിച്ച പി. ജയസിംഗിന് വേണ്ടി മകൻ ആദരവ് ഏറ്റുവാങ്ങി. സംഗീത നാടക അക്കാഡമി ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് കെ.കെ. മണി, നാടക സംവിധായകനും നടനും സംസ്ഥാന ജേതാവുമായ കബീർദാസ് എന്നിവർ സംസാരിച്ചു.
നഗരസഭ ചെയർമാൻ കെ.പി. കുറുപ്പ്, യു.ഡി.എഫ് ജില്ലാ കൺവീനർ ജി. രാജേന്ദ്രപ്രസാദ്, കിഴക്കനേല സുധാകരൻ, എസ്. ശ്രീലാൽ, എ. ഷുഹൈബ്, സ്കൂൾ മാനേജർ ബി. ജയരാജൻ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ കെ. സേതുമാധവൻ സ്വാഗതവും, ജനറൽ കൺവീനർ അനിൽ ജി. പരവൂർ നന്ദിയും പറഞ്ഞു.
മികച്ച നാടകമായി ഇതിഹാസം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടൻമാരായി സോബി ആലപ്പുഴ, തോമ്പിൽ രാജശേഖരൻ എന്നിവരെയും മികച്ച നടിയായി ഗ്രീഷ്മ ഉദയനെയും മികച്ച നാടക രചയിതാവായി അശോക് ശശിയെയും തിരഞ്ഞെടുത്തു. മികച്ച നാടക സംവിധാനത്തിനുള്ള പുരസ്കാരവും അശോക് ശശി കരസ്ഥമാക്കി. തുടർന്ന് നാടകം കാഴ്ച അവതരിപ്പിച്ചു.